ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സഹോദരങ്ങളിലേക്ക്

0
84

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സഹോദരങ്ങളിലേക്കും. ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സഹോദരങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം സഹോദരങ്ങളിലേക്ക് നീളുന്നത്. സ്വത്ത് സംബന്ധിച്ച് സഹോദരങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നതായി കത്തിലുണ്ടായിരുന്നു.

ജോയിയുടെ സഹോദരന്‍ ജിമ്മിയെക്കുറിച്ചാണ് കത്തിലെ പരാമര്‍ശമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വില്ലേജ് അസിസ്റ്റന്‍ഡ് സിലീഷിനെ പ്രതിക്കൂട്ടിലാക്കി ജോയ് എഴുതിയ ആത്മഹത്യക്കുറിപ്പിലാണ് സഹോദരനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജോയിയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി മറ്റൊരാള്‍ അടയ്ക്കുന്നുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പല തവണ വില്ലേജില്‍ ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ ജോയി പറയുന്നു. സ്ഥലത്തിന്റെ കരം അടക്കാന്‍ അനുവദിക്കാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന ഭീഷണി കത്ത് വില്ലേജില്‍ കൊടുത്തിരുന്നെങ്കിലുലം കത്ത് മുഖവിലയ്‌ക്കെടുത്തില്ലെന്നും കുറിപ്പില്‍ പറയുന്നു.

 ജോയ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്റിലിനു സമീപമാണ് കത്ത് കണ്ടെത്തിയത്. ഇന്നലെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം സിലീഷിനെതിരെ ചുമത്തിയിരുന്നു.