തൃശൂര്‍ കുന്ദംകുളത്ത് അപ്രതീക്ഷിത കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം

0
92

തൃശൂരില്‍ കുന്ദംകുളത്തുണ്ടായ അപ്രതീക്ഷിത കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു വീണു. നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും ഹോളി ക്രോസ് പള്ളിയുടേയും മേല്‍ക്കൂരകളാണ് ശക്തമായ കാറ്റില്‍ തകര്‍ന്നുവീണത്. മേല്‍ക്കൂരയില്‍നിന്നുള്ള ഓട് തലയില്‍ വീണാണ് പലര്‍ക്കും പരുക്കേറ്റത്.

കുന്ദംകുളം സെന്റ് തോമസ് എല്‍.പി. സ്‌കൂളിന്റെ മേല്‍ക്കൂര ചുഴലിക്കാറ്റില്‍ തകര്‍ന്നു. പള്ളിപരിസരത്തും റോഡുകളിലും പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട്, ആര്‍സാറ്റ് മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ചിലയിടത്ത് വീടുകള്‍ക്ക് മേലെയാണ് മരങ്ങള്‍ പതിച്ചത്.

വ്യാപകമായി മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള വൈദ്യുതവിതരണം നിര്‍ത്തിവച്ചു. റോഡില്‍ വീണ മരങ്ങള്‍ നീക്കി വൈദ്യുതിയും ഗതാഗതവും പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോലീസും ഫയര്‍ഫോഴ്സും കെ.എസ്.ഇ.ബി. ജീവനക്കാരും.