നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രതിയായ പള്‍സര്‍ സുനി നടന് ദിലീപിന് അയച്ചതായി പറഞ്ഞ് പുറത്തുവന്ന കത്ത് തയാറാക്കിയത് സുനിക്കൊപ്പം തടവിലുണ്ടായിരുന്നയാള്. നിയമവിദ്യാര്‍ഥിയായ വിഷ്ണു പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്നപ്പോഴാണ് കത്തെഴുതിയതെന്നു തെളിഞ്ഞിട്ടുണ്ട്.
അതിനിടെ നടന് ദിലീപില്‍നിന്നും നാദിര്‍ഷായില്‍നിന്നും പോലീസ് മൊഴിയെടുക്കും. ദിലീപ് ഇപ്പോള്‍ തമിഴ്നാട്ടിലാണുള്ളത്. തിരിച്ചെത്തുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് ആലോചിച്ചിരിക്കുന്നത്.
കത്തിലെ കൈയക്ഷരം സുനിയുടേതല്ലെന്നു വ്യക്തമായതോടെയാണ് പിന്നെയാരാണ് കത്തെഴുതിയതെന്ന ചോദ്യം ഉയര്‍ന്നതും വിഷ്ണുവിലേക്ക് എത്തിയതും. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് രണ്ടുമാസം മുമ്പ് പള്‍സര്‍ സുനി അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി പ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് അവിടെ വച്ചുതന്നെ ആറുപേജുകളിലായി പരാതി എഴുതി നല്കി. ഇതിലെ കൈയക്ഷരവും ദിലീപിന് കൊടുത്തയച്ചതായി പറയുന്ന പുതിയ കത്തിലെ കൈയക്ഷരവും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. മാത്രമല്ല എഴുത്തിലെ വ്യത്യസതയും മറ്റൊരാളാണ് കത്തെഴുതിയതെന്ന് വ്യക്തമായിരുന്നു. സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന വിഷ്ണു എന്ന നിയമ വിദ്യാര്‍ഥിയാണ് ദിലീപിന് കൊടുക്കാനുള്ള കത്ത് സുനിക്ക് ജയിലില്‍വച്ച് തയാറാക്കിക്കൊടുത്തത് എന്ന് വ്യക്തമായിട്ടുണ്ട്. വിഷ്ണു തന്നെയാണ് ഈ കത്ത് ദിലീപിന് എത്തിച്ചുകൊടുത്തതെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന പരാതിയിലാണ് നടന് ദിലീപിന്റെയും സംവിധായകന് നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളത്. ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെ ഫോണിലേക്കാണു വിളികള്‍ വരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു. എല്ലാം റെക്കോര്‍ഡ് ചെയ്തു രണ്ടു മാസം മുന്‍പുതന്നെ ഡി.ജി.പിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.
അതിനിടെ പള്‍സര്‍ സുനിക്ക് സഹായിയായി പ്രവര്‍ത്തിച്ച വിഷ്ണുവും സ്ഥിരം കുറ്റവാളിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിഷ്ണു കൊച്ചിയില്‍ മാത്രം 86 മാല മോഷണ കേസുകളില്‍ പ്രതിയാണെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പോലീസ് പിടിയിലായ ഇയാള്‍ വിവിധ ജുവലറികളിലായി വില്പന നടത്തിയ 100 പവനോളം കണ്ടെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയത്. അതുവരെ പള്‍സര്‍ സുനിക്കൊപ്പം ഒരു സെല്ലിലാണ് വിഷ്ണു കഴിഞ്ഞതെന്നു പറയുന്നു. ഇങ്ങനെയുണ്ടായ അടുപ്പമാണ് സുനിക്ക് കത്തെഴുതി നല്കുന്നതിലേക്കും സുനി എല്ലാം ഇയാളോട് തുറന്നുപറയുന്നതിലേക്കും എത്തിച്ചത്. പള്‍സര്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്നതാണ് വിഷ്ണുവിന്റെ രീതി. അതുപോലെ പള്‍സര്‍ ബൈക്കുകളോടുള്ള കമ്പം കാരണം അത് മോഷ്ടിച്ചാണ് സുനി പള്‍സര്‍ സുനിയായത്.