പ്രിയങ്കാ ചോപ്രയുടെ കാലുകള്‍ കഥ പറയുന്നു

0
169
ജീവിതത്തില്‍ പലതരത്തിലുള്ള അവഹേളനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് നടി പ്രിയങ്കാ ചോപ്ര. ആദ്യമൊക്കെ പൊട്ടിക്കരയുമായിരുന്നു. പിന്നീട് എല്ലാം സഹിക്കനും നേരിടാനും പഠിക്കുകയായിരുന്നു. അമേരിക്കയിലെ വര്‍ണവിവേചനത്തിന് താന്‍ ബാല്യത്തിലേ ഇരയായിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമേരിക്കയിലെ ലോവയിലുള്ള ചിറ്റമ്മയുടെ വീട്ടില്‍ പോയി. പിന്നീട് അവിടെയായിരുന്നു പഠനം. മൂന്ന് വര്‍ഷം അമേരിക്കക്കാരുടെ അവഹേളനം സഹിച്ചായിരുന്നു വിദ്യാഭ്യാസം. സ്‌കൂളില്‍ പോയ ദിവസങ്ങള്‍ ഓര്‍ക്കുമ്പോള്‍ തന്നെ സങ്കടം വരും. നീയെന്തിനാണ് ഇവിടെ വന്നത്, നീ നാട്ടിലേക്ക് പോകൂ… എന്ന് അമേരിക്കയിലെ സഹപാഠികള്‍ ഭീഷണിപ്പെടുത്തുമായിരുന്നു.
പ്രിയങ്കയുടെ  കാല്‍മുട്ടിന് താഴെ രണ്ട് വടുക്കള്‍ ഉണ്ടായിരുന്നു. ജന്‍മനാ ഉള്ളതായിരുന്നു അവ. സ്‌കൂള്‍ യൂണിഫോം ധരിക്കുമ്പോള്‍ അവ വ്യക്തമായി കാണാമായിരുന്നു. അത് കണ്ട് വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പരിഹസിക്കുമായിരുന്നു. അത് കേട്ട് പൊട്ടിക്കരയാത്ത ദിവസങ്ങളില്ലായിരുന്നു. തൊലിയുടെ നിറത്തിന്റെ പേരില്‍ അത്മാഭിമാനത്തിന് മുറിവേല്‍ക്കുക എന്നത് അനുഭവിക്കുമ്പോഴേ അതിന്റെ വേദന അറിയൂ. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് നമ്മെ പിന്തുടരും. ഇന്ന് അമേരിക്കയിലുള്ള 80 ശതമാനം ആളുകള്‍ക്കും പ്രിയങ്കാ ചോപ്രയെ അറിയാം. ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ചതോടെ താരം അവിടെ പോപ്പുലറായി. ഇപ്പോള്‍ ഹോളിവുഡ് സിനിമയിലും അഭിനയിച്ചു.
പണ്ട് അമേരിക്കക്കാര്‍ പരിസഹിച്ച തന്റെ കാലുകള്‍ ഇന്ന് പതിനൊന്ന് ഉല്‍പ്പന്നങ്ങളുടെ പരസ്യമോഡലിംഗിന് ഉപയോഗിക്കുന്നു. അവയുടെ പ്രചാരണം കൂട്ടിയത് താരത്തിന്റെ കാലുകളാണ്. താരം മോഡലായ പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അമേരിക്കക്കാര്‍ തന്നെ വാങ്ങി ഉപയോഗിക്കുന്നു. സത്യത്തില്‍ ഇതൊരു മധുരപ്രതികാരമാണ്, അല്ലെങ്കില്‍ കാലത്തിന്റെ കാവ്യനീതി. ഒരിക്കല്‍ അവജ്ഞയോടെ ആട്ടിപ്പായിച്ച തന്റെ കാലുകള്‍ ഇന്നവര്‍ ആരാധനയോടെ നോക്കുന്നെന്ന് താരം പറയുന്നു