ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം

0
81

ബ്രിട്ടീഷ്പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം. എംപി മാരുടെ കന്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു. എന്നാല്‍ നിര്‍ണായ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന് പുറത്ത് നിന്ന് ഇമെയിലില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രിട്ടന്റെ ആരോഗ്യരംഗത്തെ തകിടംമറിച്ച റാന്‍സെംവെയര്‍ ആക്രമണത്തിന് പിന്നാലെയാണ് പാര്‍ലമെന്റിലും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഹാക്കര്‍മാര്‍ പിടിച്ചെടുക്കുന്ന ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമല്ല ഇക്കുറി റിപ്പോര്‍ട്ട് ചെയ്തത്.

സൈബര്‍ ആക്രമണത്തില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്നതായി വാണിജ്യമന്ത്രി ലിയാം ഫോക്സ് പറഞ്ഞു. പലപ്പോഴായി ഹാക്കര്‍മാര്‍ ബ്രിട്ടണ്‍ പാര്‍ലമെന്റ് ഉന്നംവെച്ചിരുന്നു. കാബിനറ്റ് മന്ത്രിമാരുടേതടക്കം പാസ്‍വേര്‍ഡുകള്‍ വില്പനക്കെന്ന തരത്തിലുള്ള പരസ്യങ്ങളും ഓണ്‍ലൈനില്‍ കണ്ടതായി അവര്‍ വ്യക്തമാക്കി. സുരക്ഷ മുന്‍നിര്‍ത്തി ഇന്റെര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

പാര്‍ലമെന്റിന് പുറത്ത് നിന്ന് ഇമെയിലില്‍ ലോഗിന്‍ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല. ദേശീയ സൈബര്‍ സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പാര്‍ലമെന്റ് വക്താവ് അറിയിച്ചു. കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്ത റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദികളെ ഇനിയും കണ്ടെത്താനായിട്ടില്ല.