മലയാളികള്‍ ഗള്‍ഫിനെ കൈവിടാൻ കാരണമെന്ത്?

0
101

തിരുവനന്തപുരം: സാമ്പത്തികപരമായി ജീവിതം ഭദ്രമാക്കാന്‍ മലയാളികള്‍ക്ക് എന്നും ഒന്നാമത്തെ ലക്ഷ്യം ഗള്‍ഫ് നാടുകളിലൊരു ജോലി എന്നുള്ളതായിരുന്നു. എണ്ണപ്പണമൊഴുകുന്ന ഗള്‍ഫിലെത്താനായാല്‍ ജീവിതം രക്ഷപ്പെട്ടുവെന്നുതന്നെയാണ് ഇപ്പോഴും മലയാളി കരുതുന്നത്. അത്തരത്തില്‍ ജീവിതം രക്ഷപ്പെട്ടിട്ടുള്ള ആയിരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് താനും. ജീവിക്കാനായി ഗള്‍ഫില്‍ പോകാന്‍ കള്ള ഉരു കയറിയ ദാസനേയും വിജയനേയും പോലുള്ള നിരവധി ഉദാഹരങ്ങള്‍ നമുക്ക് മുന്നിലുണ്ട്.എന്നാല്‍ ഈ അടുത്തകാലത്തായി മലയാളികള്‍ക്ക് ഗള്‍ഫ് പണത്തോട് വല്യ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫില്‍ ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഇടിവിന് പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.

ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് അഥവാ സിഡിഎസ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് സിഡിഎസ് പുറത്ത് വിട്ടിട്ടുണ്ട്. 2016ലെ കണക്ക് പ്രകാരം ഗള്‍ഫ് നാടുകളിലുള്ള പ്രവാസികളുടെ എണ്ണം 22.05 ലക്ഷമാണ്. എന്നാല്‍ 2014ല്‍ അത് 24 ലക്ഷമായിരുന്നു. അതായത് 2014ലേതിനേക്കാള്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവ്. 1998 മുതല്‍ സിഡിഎസ് പ്രവാസികളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. അന്നു മുതലുള്ള കണക്ക് പ്രകാരം ഇതാദ്യമായാണ് പ്രവാസികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. 1998 മുതലുള്ള സര്‍വ്വേകള്‍ പ്രകാരം പ്രവാസികളുടെ എണ്ണത്തില്‍ ഇതുവരെയും വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 1998ല്‍ പ്രവാസികളുടെ എണ്ണം 13.6 ലക്ഷമായിരുന്നുവെങ്കില്‍ 2011ലെ കണക്ക് പ്രകാരം അത് 22.8 ലക്ഷമായി ഉയര്‍ന്നു.

2003ല്‍ പ്രവാസികളുടെ എണ്ണം 18.4 ലക്ഷവും 2008ല്‍ 21.9 ലക്ഷവും ആയിരുന്നു. ക്രമാതീതമായി രേഖപ്പെടുത്തിയ ഈ വര്‍ധനവിലാണ് 2016ല്‍ കുറവ് വന്നിരിക്കുന്നത്. വിവിധ കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാട്ടപ്പെടുന്നത്. വരുമാനത്തിൽ വ്യത്യാസമില്ല കേരളത്തില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള പ്രായക്കാരുടെ ജനസംഖ്യ കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളുമായുള്ള മത്സരം വര്‍ധിച്ചതും ഗള്‍ഫ് രാജ്യങ്ങളിലേയും കേരളത്തിലേയും ജോലികള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വലിയ വ്യത്യാസം ഇല്ലാത്തതുമെല്ലാം കാരണങ്ങളാണ്. സ്വദേശിവത്ക്കരണം മാത്രമല്ല സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പ്രവാസികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാന്‍ കാരമായിട്ടുണ്ടെന്നാണ് സിഡിഎസ് സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്.