മലയാളി ഉംറ തീര്‍ഥാടകരെ കബളിപ്പിച്ച്‌ ട്രാവല്‍സ്‌ ഉടമ മുങ്ങി

0
56

ജിദ്ദ: മലയാളി ഉംറ തീര്‍ഥാടകരെ പെരുവഴിയിലാക്കി ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സ് മുഖേന എത്തിയ 40 ഓളം വരുന്ന തീര്‍ഥാടകരാണ് മക്കയില്‍ ഭക്ഷണം അടക്കം ലഭിക്കാതെ ദുരിതത്തില്‍ ആയത്.

ഇക്കഴിഞ്ഞ നാലിന് ആണ് തീര്‍ഥാടകര്‍ മക്കയിലെത്തിയത്. ഇതില്‍ പതിനഞ്ച് പേര്‍ ഈ മാസം 19ന് നാട്ടിലേക്ക് മടങ്ങേണ്ടവരായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.

ട്രാവല്‍സിന്റെ ഉടമയായ മുനീര്‍ തങ്ങളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. മുനീറിനെഫോണില്‍ പോലും ലഭ്യമാകുന്നില്ലെന്നാണ് തീര്‍ഥാടകര്‍ പറയുന്നത്. തീര്‍ഥാടകരോടൊപ്പം ഉണ്ടായിരുന്ന അമീറും കൈമലര്‍ത്തുകയാണ്.

ജൂലൈ രണ്ടു വരെയാണ് ഇവര്‍ക്ക് വിസ കാലാവധിയുള്ളത്. ഇതിനകം മടങ്ങാനായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പോകാനാണെങ്കില്‍ ആരുടേയും കൈവശം പണമില്ല.

പണം അടക്കാത്തതിന്റെ പേരില്‍ പാസസ്‌പോര്‍ട്ട് വിട്ടു നല്‍കില്ലെന്ന പറഞ്ഞിരുന്ന ഹോട്ടലുകാര്‍ മക്കയിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം തീരുമാനത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ പണം ലഭിക്കാത്തതിനാല്‍ ഭക്ഷണഏജന്‍സി വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്.

അറുപതിനായിരം മുതല്‍ 90000 രൂപ വരെ ഈടാക്കിയാണ് പലരും ഉംറക്കെത്തിയത്. തീര്‍ഥാടകരുടെ ദുരിതം മനസിലാക്കിയ മക്കയിലെ കെ.എം.സി.സി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഇവരുടെ രക്ഷക്കായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന ഇത്തരം ട്രാവല്‍സുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.