ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവം: അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍

0
119

ശബരിമലയില്‍ പുതിയതായി സ്ഥാപിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ രാസ ദ്രാവകം ഒഴിച്ച് കേടുവരുത്തിയ സംഭവത്തില്‍ സംശയമുള്ള അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പി. സതീഷ് ബിനോ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. ഒഴിച്ചത് മെര്‍ക്കുറി(രസം) ആണെന്നാണ് പ്രാഥമിക നിഗമനം. 60നും 65നും മധ്യേ പ്രായമുള്ള ഒരാള്‍ കുപ്പി തുറന്ന് എന്തോ ഒരു ദ്രാവകം സ്‌പ്രേ ചെയ്യുന്നത് സി.സി.ടി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയമുള്ള മൂന്ന് പേരെ പോലീസ് പിടികൂടിയത്.

പമ്പ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തിയ മൂന്ന് പേരില്‍ സംശയം തോന്നിയവരെ ഗാര്‍ഡുമാരാണ് ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഈ കൂട്ടത്തിലൊരാള്‍ കഴിഞ്ഞ ദിവസം കൊടിമരത്തില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെന്ന ദൃക്‌സാക്ഷി മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കൃത്യം നിര്‍വഹിച്ചതിനു ശേഷം ശബരിമലയില്‍നിന്നും പ്രതികള്‍ കടന്നിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ദ്രുതഗതിയിലുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചത്. സംശയം തോന്നുന്നവരെ നിരീക്ഷിക്കാന്‍ പോലീസുകാര്‍ക്കും ഗാര്‍ഡുമാര്‍ക്കും പെട്ടെന്നുതന്നെ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.