ശബരിമലയിലെ കൊടിമരത്തിൽ ദ്രാവകമൊഴിച്ചയാൾ പിടിയിൽ

0
201

പമ്പ: ശബരിമല സന്നിധാനത്തെ സ്വർണക്കൊടിമരത്തിൽ ദ്രാവകമൊഴിച്ചതായി പിടിയിലായ മൂന്നു പേർ സമ്മതിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഇവർ. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നുമാണ് മൊഴി. ഇവരിൽ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. ഉച്ച പൂജയ്ക്ക് ശേഷം 1.27നാണ് പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. ഈ കൂട്ടത്തിലൊരാൾ കഴിഞ്ഞ ദിവസം കൊടിമരത്തിൽ കയറാൻ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ ഇവർ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. സ്വർണക്കൊടിമരത്തിന് ചെലവായ മൂന്നുകോടി 20 ലക്ഷം രൂപ ഹൈദരാബാദിലെ ഫീനിക്‌സ് ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഴിപാടായി നൽകിയത്. പിടിയിലായവർ ആന്ധ്രപ്രദേശുകാരായതിനാൽ ഈ സ്ഥാപനവുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

സിസി ടിവി ദ്രിശ്യങ്ങള്‍ കാണാം.

കടപ്പാട് : മാതൃഭൂമി