ശബരിമലയില്‍ ഇന്ന് സ്ഥാപിച്ച കൊടിമരത്തില്‍ രാസവസ്തു പ്രയോഗിച്ചു

0
112

ശബരിമലയില്‍ ഇന്ന് സ്ഥാപിച്ച പഞ്ചവര്‍ണ തടയില്‍ നിര്‍മിച്ച കൊടിമരം പ്രതിഷ്ഠിച്ച സ്വര്‍ണം പൂശിയ തറയില്‍ രാസവസ്തു പ്രയോഗിച്ചു. ഇതോടെ തറയുടെ ഒരു ഭാഗത്ത് നിറവ്യത്യാസം ഉണ്ടായി. ഈ ഭാഗത്തെ സ്വര്‍ണം ദ്രവിച്ചുപോയതായാണ് പറയുന്നത്. ബോധപൂര്‍വം ആരോ ചെയ്തതാണ് ഇതെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തര്‍ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദേവസ്വം അധികൃതര്‍ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

വന്‍ സുരക്ഷാ സംവിധാനം ഉള്ള ശബരിമലയില്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത് അധികൃതരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഡി.ജി.പിക്ക് പരാതി നല്‍കി.

രാസവസ്തു ഒഴിച്ച മൂന്നുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളലേക്കും ഇവരുടെ രേഖാചിത്രം ഉടന്‍ പോലീസ് കൈമാറും.

മെര്‍ക്കുറി ഉപയോഗിച്ചാണ് കേടുവരുത്തിയതെന്ന സംശയമാണുള്ളത്. തുണിയില്‍ മെര്‍ക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്. കൊടിമരത്തിന്റെ തറയില്‍ പൂശിയിരുന്ന സ്വര്‍ണം ഉരുകിയൊലിച്ച നിലയിലാണ്.
ഏറെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലത്താണ് കൊടിമരം സ്ഥാപിച്ചിട്ടുളളത് എന്നതിനാല്‍ മനപ്പൂര്‍വമായി ആരെങ്കിലും കൊടിമരത്തിനു കേടുവരുത്തിയോ എന്നു കണ്ടെത്തുക എളുപ്പമാകും.

സി.സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഫോറന്‍സിക് പരിശോധന നടത്തുമെന്നും ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ കുടിപ്പകയുണ്ടോയെന്ന് സംശയിക്കുന്നതായി മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ഉയര്‍ന്നുവരുന്നത്.

3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9,161 കിലോ ഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്.