ശബരിമലയിൽ മനപൂര്‍വം ചെയ്ത ചതിയെന്ന് കടകംപള്ളി

0
122

ശബരിമല: സന്നിധാനത്ത് പുനപ്രതിഷ്ഠ നടത്തിയ സ്വർണ കൊടിമരം മെർക്കുറി ഉപയോഗിച്ച് നശിപ്പിച്ചത് ബോധപൂർവം ചെയ്ത ചതിയാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു. ശബരിമലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്തജനങ്ങൾക്ക് വലിയ വേദനയുണ്ടാക്കുന്ന സംഭവമാണിത്. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽകൊണ്ടുവരുമെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഇന്നുച്ചയ്ക്കു 11.50നും 1.40നും മധ്യേയുള്ള കന്നിരാശി മുഹൂര്‍ത്തത്തിലായിരുന്നു പ്രതിഷ്ഠ. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ തത്വഹോമം, തത്വകലശം, വാജിവാഹന വിഗ്രഹത്തിന്റെ ജലോധ്വാനം, നേത്രോന്മീലനം, ജലദ്രോണിപൂജ, കുംഭേശകല്‍ക്കരിപൂജ, ശയ്യാപൂജ, ജീവകലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, അധിവാസ ഹോമം, അധിവാസ പൂജ എന്നിവ നടത്തിയാണു കൊടിമരം പ്രതിഷ്ഠിച്ചത്. ഇന്നു രാവിലെ ശയ്യയില്‍ ഉഷഃപൂജ, ധ്വജപരിഗ്രഹം, മരപ്പാണി എന്നിവ നടത്തിയാണ് പ്രതിഷ്ഠ നടത്തിയത്. ആകെ 3.20 കോടി രൂപയാണു ചെലവ്. 9.161 കിലോഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്.