ശബരിമല സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണം: കുമ്മനം

0
108

ശബരിമലയിൽ ധ്വജപ്രതിഷ്ഠ നടത്തി ഏതാനും നിമിഷങ്ങൾക്കകം ധ്വജസ്തംഭത്തിന്റെ പഞ്ചവർഗ്ഗത്തറയിൽ രസം (മെർക്കുറി) ഒഴിക്കുകയും മറ്റും ചെയ്തു അതിക്രമം കാട്ടിയ സംഭവം ഞെട്ടൽ ഉളവാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശബരിമലയിൽ ഇതുപോലെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നതിൽ ഉത്കണ്ഠയും വേദനയും അമർഷവും ഉള്ളവരാണ് കോടിക്കണക്കായ ഭക്തജനങ്ങൾ. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി കാര്യക്ഷമമാക്കണമെന്ന യാഥാർഥ്യത്തിലേക്കാണ് ഇന്നത്തെ സംഭവം വിരൽ ചൂണ്ടുന്നത്. ഇന്നത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ കേന്ദ്രസേനയെ വിന്യസിച്ചു സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. കോടിക്കണക്കിനു ഭക്തജനങ്ങളുടെ വികാരവും വിശ്വാസവും സങ്കൽപ്പവും ഇഴചേർന്നു കിടക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടുത്തെ സുരക്ഷയ്ക്ക് വീഴ്ചയുണ്ടാകുന്നത് സംസ്ഥാനത്തിനകത്തും പുറത്തും നമ്മുടെ നാടിന് അപമാനം വരുത്തിവെയ്ക്കും. അതുകൊണ്ടു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കണം. ഈ അതിക്രമം എന്തിനുവേണ്ടി എന്നത് സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
യാഥാർഥ്യം പുറത്തുവരണം എന്നാണ് ഭക്തജനങ്ങൾ ആഗ്രഹിക്കുന്നത്. അന്വേഷണം ശാസ്ത്രീയവും സമഗ്രവുമാകുന്നതിന് വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘം ഉടൻ രൂപീകരിച്ചു അന്വേഷണച്ചുമതല ആ സംഘത്തിന് കൈമാറാൻ സർക്കാർ തയ്യാറാകണം. ലാഘവബുദ്ധിയോടെ ഈ സംഭവത്തെ കാണാതെ ഇനിയൊരിക്കലും ഇത്തരം അനിഷ്ടസംഭവങ്ങൾ ആവർത്തിക്കരുതെന്ന ദൃഢനിശ്ചയത്തോടെ അങ്ങേയറ്റം കാര്യഗൗരവത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ഈ സംഭവത്തിൽ കുറ്റക്കാരായവരെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. കുമ്മനം ആവശ്യപ്പെട്ടു.