ശ്രമം വിഫലം: കുഴല്‍ക്കിണറില്‍ കുടുങ്ങിയ ഒന്നര വയസ്സുകാരി മരിച്ചു

0
86

ഹൈദരാബാദ്: തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കിണറില്‍ വീണ് 58 മണിക്കൂറിന് ശേഷം ഞായറാഴ്‍ച രാവിലെ കുഞ്ഞിന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.

രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍ക്കിണറിലേക്ക് വെള്ളമൊഴിച്ചപ്പോള്‍ മൃതദേഹം പൊങ്ങിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്‍ച വൈകീട്ട് 7.15ഓടെയാണ് എക്കറെഡ്ഡിഗുഡ ഗ്രാമത്തിലെ കര്‍ഷകനായ യാദയ്യുടെയും രേണുകയുടെയും മകളായ ചിന്നാരി വീട്ടിനടുത്തുള്ള കുഴല്‍ക്കിണറില്‍ വീണത്.

പോലീസിനും ഫയര്‍ഫോഴ്‍സിനും പുറമേ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നുള്ള അംഗങ്ങളുംകൂടി എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാനായില്ല. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്തെങ്കിലും മണ്ണിനടിയിലെ പാറ തടസമായി. കുട്ടിയെ കണ്ടെത്താന്‍ അത്യാധുനിക സെന്‍സിറ്റീവ് ക്യാമറകള്‍ സ്ഥാപിക്കുകയും ട്യൂബ് വഴി കിണറിലേക്ക് ഓക്സിജന്‍ നല്‍കുകയും ചെയ്‍തിരുന്നു.

ഞായറാഴ്‍ചയാണ് 245 അടി താഴെ കുട്ടിയുടെ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. മൃതദേഹം പോസ്‍റ്റ്‍മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.