സംസ്ഥാനത്തെ വിവിധ സമരങ്ങളില്‍ മാവോയിസ്റ്റ് സ്വാധീനമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

0
66

സംസ്ഥാനത്ത് നടക്കുന്ന വിവിധ സമരങ്ങളില്‍ മാവോയിസ്റ്റ് സ്വാധീനം വര്‍ധിച്ചുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റു പ്രവര്‍ത്തനം നടത്തുന്ന പോരാട്ടം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റെഡ്സ്റ്റാര്‍, ആര്‍.സി.എഫ്, വിദ്യാര്‍ഥിപ്രസ്ഥാനം തുടങ്ങിയ സംഘടനകളാണ് സമരരംഗത്ത് ആളുകളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ ആസൂത്രണംചെയ്യുന്നതെന്നു പറയുന്നു.

സഹായ സമിതികളായി പ്രവര്‍ത്തിച്ചാണ് ഇവര്‍ സമരങ്ങളെ സഹായിക്കുന്നത്. സമരങ്ങളെ തീവ്രസ്വഭാവത്തിലേക്ക് നയിക്കുന്നതിനാവശ്യമായ പിന്നാമ്പുറപ്രവര്‍ത്തനങ്ങളും ഇക്കൂട്ടര്‍ നടത്തും. കഴിഞ്ഞദിവസം നടന്ന കൊച്ചി പുതുവൈപ്പ് സമരത്തിലാണ് ഇക്കൂട്ടരുടെ സജീവസാന്നിധ്യം പോലീസ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീവ്ര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് അന്ന് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തയാറാക്കപ്പെട്ടിരിക്കുന്നത്. മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരത്തിലും ഇത്തരം സംഘടനാപ്രവര്‍ത്തകരുടെ ഒത്താശ കിട്ടിയിരുന്നതായി പോലീസ് പറയുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭൂസമരങ്ങള്‍, മറ്റ് അക്രമസമരങ്ങള്‍ എന്നിവയിലാണ് മാവോയിസ്റ്റ് സംഘടനകളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ തിരിയുന്നത്. കഴിഞ്ഞ നവംബര്‍ 24-ന് നടന്ന നിലമ്പൂര്‍ വെടിവെപ്പിനുശേഷം ജനകീയസമരങ്ങളില്‍ സി.പി.ഐ. മാവോയിസ്റ്റ് പ്രസ്ഥാനം കൂടുതല്‍ സജീവമാകണമെന്ന് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലുണ്ടായിരുന്നു. കേരളത്തില്‍നിന്നുള്ള ഏക കേന്ദ്രകമ്മിറ്റി അംഗമാണ് അര്‍ബന്‍ ആക്ഷനുകള്‍ സജീവമാക്കുന്നതിന് എല്ലാ ചരടുവലികളും നടത്തുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജനകീയസമരങ്ങളില്‍ കൂടുതല്‍ പങ്കാളിത്തംവഹിച്ച് കൂടുതല്‍ ചെറുപ്പക്കാരെ സി.പി.ഐ. മാവേയിസ്റ്റ് സംഘടനയിലേക്ക് ആകര്‍ഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങള്‍ക്കു പിന്നിലെ ശക്തികളെക്കുറിച്ച് പരിശോധിക്കുന്ന പോലീസ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ശക്തമായ നിരീക്ഷണങ്ങളിലുമാണ്.