സര്‍ക്കാരിനെതിരേ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള സമരം വാര്‍ത്താപ്രാധാന്യം നേടാന്‍: ജി.സുധാകരന്‍

0
83

സര്‍ക്കാരിനെതിരെ കുട്ടികളെ മുന്നില്‍ നിര്‍ത്തി സമരം നടത്തുന്നത് വിജയം നേടാനല്ലെന്നും വാര്‍ത്താ പ്രാധാന്യം നേടാനാണെന്നും മന്ത്രി ജി.സുധാകരന്‍. ആലപ്പുഴയില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുവൈപ്പിലെ എല്‍.പി.ജി. പ്ലാന്റിനതിരായി നടന്ന ജനകീയ സമരത്തില്‍ കുട്ടികളെ അണിനിരത്തി സമരം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി സി.പി.എം. അനുഭാവികള്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ജി.സുധാകരന്റെ വിമര്‍ശനം.

ജനങ്ങളെയും ഭരണഘടനയേയും അല്ലാതെ മറ്റൊന്നിനേയും ഇടതു സര്‍ക്കാര്‍ ഭയപ്പെടുന്നില്ല. പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലിരുന്നു മനസിലാക്കിയ കാര്യങ്ങള്‍ പുസ്തകമാക്കേണ്ട ആവശ്യമില്ല. അത്തരത്തില്‍ പണമുണ്ടാക്കേണ്ട ആവശ്യം ഉദ്യോഗസ്ഥര്‍ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണം. ജീവിതാവസാനം വരെ മാന്യത പുലര്‍ത്തണം. അതിനാണ് പെന്‍ഷന്‍ തരുന്നത് എന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.
മാധ്യമ ധര്‍മ്മം പോലുമറിയാതെ ചാനലുകളില്‍ തട്ടിക്കയറുന്ന ചില അവതാരകരെ നാടിന് ആവശ്യമില്ല. സ്വാമിമാരുടെ കാലു കഴുകി വെള്ളം കുടിക്കുന്നവരാണ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതെന്നും ജി.സുധാകരന്‍ പറഞ്ഞു.