കോഴിക്കോട്: ചായക്കടയിൽ തൊഴിലെടുക്കുന്ന സഹപ്രവർത്തകനെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊന്നുവെന്ന കേസിൽ പ്രതിക്ക് ഒമ്പത് കൊല്ലം കഠിനതടവും 30,000 രൂപ പിഴയും. കേളകം സ്വദേശി ജോസഫിനാണ് (53) രണ്ടാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2015 സെപ്റ്റംബറിൽ വെള്ളയിൽ മുഹമ്മദ് റാഫി റോഡിൽ ഹോട്ടലിൽ പത്തനംതിട്ട നീർവിളാകം വർഗീസി(53)നെ കൊലപ്പെടുത്തിയെന്നാണ് കേസ്.
അർധരാത്രിയിലായിരുന്നു ആക്രമണം. ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ലെങ്കിലും കടയുടമയുടെയും സാക്ഷികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി. നടക്കാവ് സി.ഐ പ്രകാശൻ പടന്നയിലിെൻറ നേതൃത്വത്തിൽ നടക്കാവ് സി.ഐ ഓഫിസിലെ എ.എസ്.ഐ പി.എം രാജീവ്, സീനിയർ സി.പി.ഒ ബി. പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.