സുനില്‍ സ്വാമി സന്നിധാനത്ത് വിലസുന്നതായി റിപ്പോർട്ട്

0
229

ശബരിമല സന്നിധാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം വിജിലന്‍സ് ശിപാര്‍ശ ചെയ്ത സുനില്‍ സ്വാമി സന്നിധാനത്ത് വിലസുന്നു. ഇക്കഴിഞ്ഞ പൈങ്കുനി ഉത്രം മഹോത്സവത്തിനിടെ സന്നിധാനത്ത് നടന്ന ആചാര ലംഘനത്തിന് കാരണം സുനില്‍ സ്വാമിയുടെ വഴിവിട്ട സ്വാധീനമാണെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.

പൈങ്കുനി ഉത്രം പൂജക്കിടെ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ആരോപണം ഉയരുകയും ആചാര വിരുദ്ധമായി നടതുറക്കുകയും പടിപൂജ നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിയത്. കൊല്ലം സ്വദേശിയും വ്യവസായിയുമായ സുനില്‍ സ്വാമി സന്നിധാനത്തെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുന്നുണ്ടെന്നും ഈയാളുടെ സ്വാധീനഫലമായാണ് സന്നിധാനത്ത് ആചാരലംഘനം നടന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുനില്‍സ്വാമിയെ സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പണവും സ്വാധീനവുമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഒഴിവാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. പക്ഷേ ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുമ്പോള്‍ മുന്‍പന്തിയില്‍ തന്നെ സുനില്‍ സ്വാമിയുണ്ട്. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിലും തന്ത്രിയുടെ മഠത്തിലും സര്‍വ സ്വതന്ത്രനായി ആരോപണ വിധേയനായ സുനില്‍ സ്വാമി കയറിയിറങ്ങുന്നതായാണ് റിപ്പോർട്ട് .