ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ ഭരത് (45) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ഷംഷാബാദിലായിരുന്നു അപകടം. രാത്രി 10.10 ഓടെയാണ് അപകടം നടന്നത്. ഭരത് സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മയക്കുമരുന്ന് കേസിൽ മുൻപ് അറസ്റ്റിലായിട്ടുള്ള ഭരത് ഏതാനും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അമിതവേഗത്തിലെത്തി ഇടിയായിരുന്നതിനാൽ ഭരത് സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ബ്രേക്ക് ഡൗണായ ട്രക്ക് വഴിവക്കിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. രാത്രിയിൽ വേണ്ടത്ര മുൻകരുതൽ എടുക്കാതെ റോഡ് വശത്ത് ട്രക്ക് പാർക്ക് ചെയ്ത ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഭരത് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.