സ്‌റ്റെഫിയും ജൂലിയുമുണ്ട്; സൂക്ഷിക്കുക

0
102

സ്വന്തം ലേഖകൻ
കൊച്ചി: നഗരത്തിലെ കുറ്റവാളികൾ ഇനി സൂക്ഷിക്കണം. പ്രശ്‌നമുണ്ടാക്കി നഗരതിരക്കിൽ മുങ്ങാമെന്ന് ആരും വിചാരിക്കേണ്ട. ഏതു തിരക്കിനിടയിൽനിന്നും നിങ്ങളെ പിടികൂടാൻ സിറ്റിപൊലീസിനൊപ്പം ഇനി സ്‌റ്റെഫിയും ജൂലിയുമുണ്ടാകും. സിറ്റി പൊലീസിന്റെ ഡോഗ്‌സ്‌ക്വാഡിൽ ശനിയാഴ്ച മുതൽ സ്‌റ്റെഫിയും ജൂലിയും ചുമതലയെടുത്തു. ഹരിയാന ഭാനുവിലെ നാഷണൽ ട്രെയ്‌നിങ് സെന്റർ ഫോർ ഡോഗ്‌സിൽ (എൻടിസിഡി) പരിശീലനം പൂർത്തിയാക്കിയാണ് ഒൻപതുമാസം പ്രായമുള്ള ഡോബർമാൻ ഇനത്തിലുള്ള ജൂലിയും സ്‌റ്റെഫിയും സിറ്റി പൊലീസിന്റെ ഭാഗമായത്.
നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിൽ ഇനി മുതൽ സ്‌റ്റെഫിയുടെയും ജൂലിയുടെയും പ്രത്യേക പട്രോളിങ്ങുണ്ടാകും. പ്രശ്‌നമുണ്ടാക്കുന്നവരെ പൊലീസ് കണ്ടുപിടിച്ച് നിർദേശം നൽകിയാൽ പിന്നെ അവരുമായേ ജൂലിയും സ്‌റ്റെഫിയും മടങ്ങുള്ളൂ. കയ്യോടെ പിടികൂടും എന്നർഥം. വലതു കൈയിൽതന്നെയാകും പിടിവീഴുക. പിടികൂടുക മാത്രമല്ല കടിച്ച് വലിച്ച് നിന്ന സഥലത്ത് എത്തിക്കുകയും ചെയ്യും. കൈയിൽ പിടിച്ച പിടി വിടണമെങ്കിൽ ഉദ്യോഗസ്ഥൻ ‘ഓപ്പറേഷൻ ഓവർ’ എന്ന നിർദേശം നൽകണം. കൈയിൽ പിടികൂടും എന്നല്ലാതെ കടിച്ച് മുറിക്കുകയോ മറ്റ് ഉപദ്രവമോ ചെയ്യില്ല. തങ്ങളുടെ ജോലി പിടികൂടുകമാത്രം; കുറ്റം കണ്ടുപിടിക്കാനും ശിക്ഷ വിധിക്കാനും നടപ്പാക്കാനും മറ്റ് സംവിധാനങ്ങളുണ്ടല്ലോ എന്നതാണ് ഭാവം.


സ്‌റ്റെഫിയുടെയും ജൂലിയുടെയും പ്രകടനം ശനിയാഴ്ച വൈകിട്ട് മറൈൻഡൈവിൽ നടന്നു. എസിപി കെ ലാൽജിക്ക് സല്യൂട്ട് നൽകിയശേഷമായിരുന്നു പ്രകടനം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ പിടിച്ചുതള്ളിയശേഷം ഓടിനീങ്ങിയ സഹപ്രവർത്തകനെ പൊലീസിന്റെ നിർദേശത്തെ തുടർന്ന് പിന്നാലെ ഓടിയെത്തി കൈക്ക് കടിച്ചുപിടിച്ച് തിരിച്ചെത്തിച്ചു. ഓപ്പറേഷൻ പൂർത്തിയായതായി നിർദേശം ലഭിച്ചതിനെ തുടർന്ന് പിടിവിട്ടു. തുടർന്ന് മറൈൻഡ്രൈവിലെ വാക്‌വേയിലായി പ്രകടനം. അവിടെ പ്രശ്‌നമുണ്ടാക്കി ആൾക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞുനിന്നയാളെ പിടികൂടുന്നതാണ് അവതരിപ്പിച്ചത്്.
ആഭ്യന്തരവകുപ്പിന്റെ തീരുമാന പ്രകാരമാണ് പുതിയ പദ്ധതിയെന്ന് എസിപി കെ ലാൽജി പറഞ്ഞു. നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിലും റെയിൽവെ സ്‌റ്റേഷനുകളിലും ഇനി ഡോഗ് സ്‌ക്വാഡിന്റെ പട്രോളിങ് ഉണ്ടാകും. ചില പ്രത്യേക സന്ദർഭങ്ങളിൽഇത്  വളരെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.