അഫ്ഗാനുമായുള്ള ആകാശ ഇടനാഴി ഇന്ത്യയുടെ നിര്‍ബന്ധബുദ്ധിയെന്ന് ചൈനീസ് പത്രം

0
88

പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായി ഇന്ത്യ സൃഷ്ടിച്ചിട്ടുള്ള ‘ആകാശ ഇടനാഴി’, ഈ മേഖലയുടെ കാര്യത്തില്‍ ഇന്ത്യയുടെ ‘നിര്‍ബന്ധബുദ്ധി’യാണ് കാണിക്കുന്നതെന്ന് ചൈനീസ് ദേശീയ മാധ്യമം. ചൈനയുടെ സ്വപ്ന പദ്ധതിയായ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കു ബദല്‍ തീര്‍ക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ ‘ആകാശ ഇടനാഴി’യെന്നും ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം അഭിപ്രായപ്പെടുന്നു.

പാകിസ്ഥാനെ സമ്പൂര്‍ണമായി ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള ആദ്യ ചരക്ക് വ്യോമപാത അടുത്തിടെയാണ് യാഥാര്‍ഥ്യമായത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ പൂര്‍ത്തിയായതും പരിഗണനയിലുള്ളതുമായ പാതകള്‍ യാഥാര്‍ഥ്യമാകുന്നതോടെ, പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും മറ്റ് മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മേഖലയുടെ സാമ്പത്തിക വികസനത്തില്‍ ഇടപെടുന്നതിന് ഇന്ത്യയ്ക്കുള്ള താല്‍പര്യവും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള നിര്‍ബന്ധബുദ്ധിയുമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.