അയ്യപ്പന്‍ ശക്തിമാനാണെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ല; അജയ് തറയില്‍

0
105

ശബരിമല: സ്വർണക്കൊടിമരത്തിന് രാസപദാർഥം ഒഴിച്ച് കേടുവരുത്തിയവരെ പിടികൂടിയതിന് പിന്നിൽ അയ്യപ്പന്‍റെ ശക്തിയാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ദേവസ്വം മന്ത്രി ചതി എന്ന വാക്ക് എന്ത് കൊണ്ട് ഉപയിഗിച്ചുവെന്ന് അറിയില്ലെന്നും അജയ് തറയിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അയ്യപ്പസ്വാമിയുടെ ശക്തി ലോകം മുഴുവൻ ഈ സംഭവത്തിലൂടെ വിളിച്ചോതിയിരിക്കുന്നു. ഇതിനെ കുറിച്ച് മാധ്യമങ്ങൾ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും അജയ് തറയിൽ പറഞ്ഞു. അയ്യപ്പ സ്വാമി അവിടെയിരുന്ന് കൊണ്ട് പ്രതികള്‍ താഴെ എത്തുന്നതിന് മുൻപേ പിടിക്കാന്‍ കഴിഞ്ഞു. അയ്യപ്പന്‍ ശക്തിമാനാണ് എന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമങ്ങള്‍ ഇപ്പോഴത്തേത് പോലുളള വാര്‍ത്ത കൊടുക്കുന്നത് കൊണ്ട് ശബരിമലയിലേക്ക് ആരും തന്നെ വരാത്ത അവസ്ഥ ഉണ്ടാകാന്‍ പോകുകയാണ്. ശബരിമലയിലേക്ക് ആരെയും വരുത്താതിരിക്കാനുളള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഒരു ഭാഗമാണ് ഇന്നത്തെ സംഭവം. ശബരിമലയില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആള്‍ക്കാര്‍ മടിക്കുന്ന രീതിയിലുളള പ്രവര്‍ത്തനമാണ് കേരളത്തിലെ ആളുകള്‍ മാധ്യമങ്ങളടക്കം ചെയ്തുകൊണ്ടിരിക്കുന്നത്. വിവാദങ്ങളല്ല, അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. എത്രയോ സ്വര്‍ണവും ചെമ്പുമാണ് ഓരോരുത്തര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ആരും അന്വേഷിക്കുന്നില്ലല്ലോ, നോക്കുന്നില്ലല്ലോ.
സ്‌പോണ്‍സര്‍മാര്‍ക്ക് അവകാശം കൊടുക്കാന്‍ പാടില്ലെന്നാണ് കുറെപ്പേര്‍ പറയുന്നത്. മൂന്നുകോടി ഇരുപത് ലക്ഷം രൂപ മുടക്കിയവന്‍ മുന്നില്‍ വന്ന് നിന്ന് തൊഴുമ്പോള്‍ അവന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് മാറ്റിയിട്ട് ഒരു പൈസയും മുടക്കാത്തവനാണ് ചെന്ന് നിന്ന് തൊഴുന്നത്. സ്‌പോണ്‍സര്‍മാര്‍ ശബരിമലയില്‍ വരാന്‍ മടിച്ച് നില്‍ക്കുമ്പോഴാണ് ഹൈദരാബാദില്‍ നിന്നും ഫീനിക്‌സ് ഗ്രൂപ്പ് മൂന്നുകോടി ഇരുപത് ലക്ഷം രൂപ വഴിപാടായി നല്‍കി ഈ മഹത്തായ സംരഭത്തിനായി എത്തുന്നതെന്നും അജയ് തറയില്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊടിമരം കേടുവരുത്തിയതുമായി ബന്ധപ്പെട്ട് ആന്ധ്രാസ്വദേശികളായ അഞ്ചുപേരെ ഇന്ന് പൊലീസ് പമ്പയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു.