അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കുന്നു. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പിലെ ആരോപണവിധേയരും നേരത്തെ കേസില്‍ പെട്ടവരുമായവരുടെ പട്ടിക തയാറാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം നല്കി.
നേരെത്ത കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടവര്‍, സ്വത്തു സമ്പാദനത്തില്‍ അന്വേഷണം നേരിടുന്നവര്‍, നിരന്തരമായി പരാതിക്കിടയാക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിവരുടെ പട്ടികയാണ് തയ്യാറാക്കുക. ഈ ഉദ്യോഗസ്ഥരെ വിജിലന്‍സ് നിരന്തരം നിരീക്ഷിക്കും. റവന്യൂവകുപ്പിന് പിന്നാലെ മറ്റ് വകുപ്പുകളിലും ഇതേ സംവിധാമുണ്ടാക്കുമെന്ന് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പ്രവര്‍ത്തനവും നിരീക്ഷിക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വിജിലന്‍സ് ഇന്റലിജന്‍സ് യൂണിറ്റാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നേരത്തെ വിജിലന്‍സ് നടത്തിയ പഠനത്തില്‍ അഴിമതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്കുന്നത് റവന്യൂവകുപ്പാണ്.
ഇതുകൂടാതെ ജനങ്ങളുമായി കൂടുതല്‍ നേരിട്ടിടപഴകുന്ന റവന്യൂ, മോട്ടോര്‍ വാഹനവകുപ്പ്, ചെക്പോസ്റ്റുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലും നിരീക്ഷണം നടത്തും. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പട്ടികയാണ് വിജിലന്‍സ് തയാറാക്കുന്നത്. വിജിലന്‍സ് ഇന്റലിജന്‍സ് യൂണിറ്റ് ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ജേക്കബ് തോമസ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ തുടങ്ങിവെച്ച നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ നീക്കം.