ഇന്ത്യയുടെ മിന്നലാക്രമണം ആരും ചോദ്യം ചെയ്തിട്ടില്ല; ലോകം നമ്മുടെ കരുത്തുകണ്ടെന്ന് മോഡി

0
86

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങളെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ലോകം നമ്മുടെ കരുത്തിന് സാക്ഷിയായിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടുദിവസത്തെ യു.എസ്. സന്ദര്‍ശനത്തിനെത്തിയ മോഡി അമേരിക്കന്‍ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിച്ചു.

സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് പ്രസംഗം. ദ്വിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ അദ്ദേഹം വാഷിങ്ടണിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അതിന് ‘ഇര’യായ രാജ്യം ഒഴികെ മറ്റാരും ചോദ്യം ചെയ്യില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ട്. ലോകത്തിന്റെ ഏതുകോണിലുള്ള ഇന്ത്യക്കാരനും സഹായം എത്തിക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനുള്ള മികച്ച ഉദാഹരണമാണ് സുഷമയും സംഘവും. സമൂഹമാധ്യമങ്ങള്‍ക്ക് വളരെയധികം ശക്തിയുള്ള കാലമാണിത്. ഞാനും ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇത്രയേറെ ജനങ്ങള്‍ക്ക് പ്രയോജനകരമായി ഉപയോഗിക്കുന്നത് സുഷമ സ്വരാജും വിദേശകാര്യ മന്ത്രാലയവുമാണ്. നയന്ത്രവിഷയങ്ങള്‍ക്ക് സുഷമ സ്വരാജ് ‘മനുഷ്യത്വത്തിന്റെ മുഖം’ നല്‍കി. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും രാത്രി രണ്ടുമണിക്ക് ട്വിറ്ററിലൂടെ അഭ്യര്‍ഥന നടത്തിയാല്‍ 15 മിനുറ്റിനുള്ളില്‍ സുഷമ സ്വരാജ് അതിനു മറുപടി നല്‍കും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പ്രശ്‌നങ്ങളില്‍പ്പെട്ടുപോയ 80,000 ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സാധിച്ചുവെന്നും മോദി അവകാശപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ ഒരിക്കല്‍പോലും സര്‍ക്കാര്‍ അഴിമതിയുടെ പേരില്‍ പഴികേട്ടിട്ടില്ല. ഇന്ത്യയിലെ ജനങ്ങള്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കന്‍ കമ്പനികളുടെ ഉന്നതതല യോഗത്തില്‍ ആപ്പിളിന്റെ ടിം കൂക്ക്, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്ടിന്റെ സത്യ നാദില്ല, മാസ്റ്റര്‍ കാര്‍ഡിന്റെ അജയ് ബംഗ തുടങ്ങി ഉന്നതരുടെ വന്‍ നിരതന്നെ ഉണ്ടായിരുന്നു.