വാഷിംഗ്ടൺ: ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമായി വളർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിൽ വ്യാവസായിക പ്രമുഖരോട് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി വിർജീനിയയിലെ ടൈസൺൽ കോർണറിലുള്ള റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന പ്രവാസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളുടെ നേരിട്ടുള്ള നിക്ഷേപം ഇന്ത്യയിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. ലോക ബാങ്ക്, ഐഎംഎഫ് തുടങ്ങിയ ഏജൻസികൾ ഇന്ത്യയെ ഇക്കാര്യത്തിൽ അഭിനന്ദിച്ചു. ഇന്ത്യയെ ഒരു മികച്ച നിക്ഷേപക രാജ്യമായാണ് ലോകം കാണുന്നത്. നിങ്ങൾ മടങ്ങിവരാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതാണ് ഏറ്റവും നല്ല സമയമെന്ന് പ്രധാനമന്ത്രി പ്രവാസികളെ ഓർമിപ്പിച്ചു.
ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക് സംബന്ധിച്ചും പ്രധാനമന്ത്രി വാചാലനായി. ലോകമിന്ന് ഭീകരവാദ ഭീഷണിയെ നേരിടുകയാണ്. സർജിക്കൽ സ്ട്രൈക് നടത്തിയപ്പോൾ ഇന്ത്യ എന്താണെന്ന് ലോകത്തിനു മനസിലായി. നമുക്ക് സ്വയം പ്രതിരോധിക്കാൻ ഇതിലൂടെ സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ പിന്തുടരുന്നത് ലോകം ഒന്നാണെന്ന തത്വമാണ്. കാരണം നമ്മൾ വിശ്വിക്കുന്നത് വസുധൈവ കുടുംബകം എന്ന തത്വത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടുതന്നെ നമ്മുടെ പരമാധികാരം സംരക്ഷിക്കാനും സമാധാനം പുനസ്ഥാപിക്കാനും ശക്തമായ നടപടികളെടുക്കാനായി. സർജിക്കൽ സ്ട്രൈക്കിന്റെ സമയങ്ങളിൽ ലോക രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി. എന്നാൽ നമ്മുടെ തീരുമാനത്തെ ഒരു രാജ്യംപോലും ചോദ്യം ചെയ്യുകയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.