കേബിള്‍ കാര്‍ ടവറുകള്ക്കിടിയില് മരം വീണ് ടവര്‍ തകര്‍ന്ന് ഏഴ് പേര് മരിച്ച സംഭവം ദൈവനിശ്ചയമെന്ന് കമ്പനി അധികൃതര്‍. കേബിള്‍ കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നതായും കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. ശക്തമായ കാറ്റുള്ളപ്പോള്‍ കേബിള്‍ കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാറുണ്ട്. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ കേബിള്‍ കാറിന്റെ പ്രവര്‍ത്തനം തനിയെ നിലയ്ക്കുന്ന വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഈ സംവിധാനത്തിലുണ്ട്. കഴിഞ്ഞ ദിവസം സംഭവിച്ചത് ദൈവത്തിന്റെ നിശ്ചയപ്രകാരം സംഭവിച്ച ഒരു ദുരന്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേബിളുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചതോടെ കാബിനുകള്‍ തൂങ്ങിയാടാന്‍ തുടങ്ങി. തുടര്‍ന്ന് ചില്ലുകള്‍ കര്ക്കപ്പെടുകയും ഇതിലൂടെ യാത്രക്കാര്‍ പുറത്തേയ്ക്ക് തെറിച്ചുവീഴുകയുമായിരുന്നു. 36 കേബിള്‍ കാറുകളുള്ള ഇവിടെ ഇത്തരമൊരു അപകടം ആദ്യത്തേതാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗിലെ ഗോണ്ടോള ടവറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.