കൊച്ചി മെട്രോയിലെ നിയമലംഘന യാത്ര: യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ നടപടി

0
116

കൊച്ചി മെട്രോയെതന്നെ വലച്ചുകൊണ്ട് നിയമം ലംഘിച്ച് യാത്ര നടത്തിയ യു.ഡി.എഫ്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നടപടി വരുന്നു. യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലൂടെ 2002ലെ മെട്രോ ആക്ടിന്റെ പരസ്യമായ ലംഘനമാണ് നേതാക്കളും പ്രവര്‍ത്തകരും നടന്നിരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍. കണ്ടെത്തി.

എന്നാല്‍ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെ.എം.ആര്‍.എല്‍. പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. പോലീസില്‍ പരാതി നല്‍കിയാല്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കിയും നടപടിയില്‍ നിന്നു രക്ഷപ്പെടാം. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ കെ.എം.ആര്‍.എല്‍. തീരുമാനിച്ചത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങിയ നേതാക്കളുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തിലാണ് ആലുവയില്‍ നിന്നും പാലാരിവട്ടത്തേക്ക് നടത്തിയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യാത്ര. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം പരിപാടി കൈവിട്ടുപോവുകയായിരുന്നു. പ്രതിപക്ഷ നേതാവ് സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.