കൊളംബിയയിൽ ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒമ്പത് മരണം

0
89

ബഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒമ്പത് മരണം. 170 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 28 പേരെ കാണാനില്ല. 99 ഓളം പേരെ രക്ഷപ്പെടുത്തി. വടക്ക് പടിഞ്ഞാറൻ കൊളംബിയയിലെ പെനോൾ തടാകത്തിലാണ് ബോട്ട് മുങ്ങിയത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ 13 പേരുടെ നില ഗുരുതരമാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഗ്വാഡെപിലെ തടാകമാണ് പെനോൾ. അപകട സമയത്ത് പരമാവധി യാത്രക്കാർ ബോട്ടിലുണ്ടായിരുന്നു. യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനകളുണ്ട്. ബോട്ട് മുങ്ങാനിടയായ സാഹചര്യം വ്യക്തമല്ലവ്യോമസേനയും നാവിക സേനയും കരസേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റർ അടക്കം രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഗ്വാഡെപിലേക്കുള്ള റോഡുകൾ അടച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടിയാണിത്. ഹെലികോപ്റ്റർ മാർഗവും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നുണ്ട്. നാല് നില ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പൂർണമായി തടാകത്തിൽ മുങ്ങുകയായിരുന്നു. അപകടസമയത്ത് നിരവധി ചെറു ബോട്ടുകൾ തടാകത്തിൽ ഉണ്ടായിരുന്നു. ഈ ബോട്ടുകളാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്.