ജിഎസ്ടി: ബ്രാൻഡഡ് അരിയുടെ അധിക നികുതി ഒഴിവാക്കണമെന്ന് മില്ലുടമകൾ

0
216

കൊച്ചി : ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുന്ന ജിഎസ്ടിയിൽ നിന്ന് ബ്രാൻഡഡ് അരിയ്ക്ക് ചുമത്തിയ അധിക തുക ഒഴിവാക്കണമെന്ന് കേരള റൈസ് മില്ലേർസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.  ബ്രാന്റഡ് അരിക്ക് അഞ്ചു ശതമാനം ജിഎസ്ടി നിശ്ചയിച്ച തീരുമാനം റൈസ്മിൽ വ്യവസായത്തെ തകർക്കുന്നതാണെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ  പ്രസിഡന്റ് കെ കെ കർണ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടി നടപ്പാക്കുമ്പോൾ പത്തു കിലോ അരിക്ക് 25 രൂപയോളം അധികം നൽകേണ്ടി വരും. ഇത് ഗുണമേന്മയുള്ള അരി കഴിക്കുന്നതിൽനിന്ന് ജനത്തെ അകറ്റിനിർത്തുമെന്നും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഗുണമേന്മ കുറഞ്ഞ അരി ഉപയോഗിക്കാൻ കാരണമാകുമെന്നും അവർ പറഞ്ഞു. ഇതുമൂലം അന്യസംസ്ഥാന അരിലോബി സംസ്ഥാനത്ത് പിടിമുറക്കുമെന്നും അവർ പറഞ്ഞു.

ഫിസായിയുടെ നിർദേശങ്ങൾ പാലിക്കുന്നതിനാൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അരികളെല്ലാം ബ്രാന്റഡ് ആണ്. പുതിയ നികുതി വരുന്നതോടെ അന്യസംസ്ഥാന കുത്തകകൾക്ക് സംസ്ഥാനത്തെ മാർക്കറ്റിൽ അധികാരം സ്ഥാപിക്കാൻ കഴിയും. ഇത് സംസ്ഥാനത്തെ റൈസ്മിൽ വ്യവസായം അടച്ചുപൂട്ടാൻ കാരണമാകും. ഇതു സംബന്ധിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചതുമാണ്.  കേരളത്തിലെ സാധാരണ ജനങ്ങളെ ബാധിക്കുന്ന തീരുമാനം എന്ന നിലയിൽ ഇക്കാര്യം സംസ്ഥാന സർക്കാർ  കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അവർ പറഞ്ഞു.  ജനറൽ സെക്രട്ടറി വർക്കി പീറ്ററും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.