താംങ്‌ബോയ് സിംങ്‌തോ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടെക്‌നിക്കൽ ഡയറക്ടർ

0
125

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിന്റെ ടെക്‌നിക്കൽ ഡയറക്ടറായി ഷില്ലോംഗ് ലജോംഗ് ഫുഡ്‌ബോൾ ക്ലബ്ബിന്റെ മുൻ ഹെഡ് കോച്ചായ താംങ്‌ബോയ് സിംങ്‌തോയെ നിയമിച്ചു. താഴെ തട്ടിൽ നിന്നുമുള്ള ഫുഡ്‌ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിനായി, കേരള ബ്ലാസ്റ്റേഴ്‌സും, കേരള ഫുഡ്‌ബോൾ അസോസിയേഷനും ചേർന്ന് വിഭാവനം ചെയ്തിട്ടുള്ളപരിശീലന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകും.
ഐഎസ്.എൽ സീസൺ 1 ൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു താംങ് ബോയ്. ഐ ലീഗിൽ തുടർച്ചയായി നാലുവർഷവും ഷില്ലോംഗ് ലജോംഗ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്നു. ഫിസിക്കൽ എഡ്യുക്കേഷനിൽ മാസ്റ്റേഴ്‌സ് ബിരുദധാരിയായ സിംങ്‌തോയ്ക്ക് ഏഷ്യൻ ഫുഡ്‌ബോൾ കോൺഫെഡറേഷന്റെ പ്രോ ലൈസൻസ് ഉണ്ട്. മണിപ്പൂർ സ്വദേശിയാണ്. ഇന്ത്യൻ ഫുട്‌ബോളിൽ അതുല്യ പ്രതിഭകളെ സൃഷ്ടിച്ചിട്ടുള്ള കേരള മണ്ണിൽ പുതിയ ദൗത്യം ഏറ്റെടുക്കുന്നതിൽ അതീവ സന്തോഷവാനാണെന്ന് സിംങ്‌തോ അറിയിച്ചു

ബ്ലാസ്റ്റേഴ്‌സിലേക്ക് യുവതാരങ്ങളെ കണ്ടെത്താനും പരിശീലനം നൽകാനും അദ്ദേഹത്തിന്റെ മുൻപരിചയം ഗുണകരമാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വരുൺ തൃപുരനേനി പറഞ്ഞു. നാലുവർഷക്കാലം ഷില്ലോംഗ് ലജോംഗ് എഫ് സിയുടെ മാനേജരും, പ്രധാന കോച്ചുമായിരുന്ന താംങ്‌ബോയ് സിംങ്‌തോയുടെ കാലത്ത് 2009 ൽ ക്ലബ്ബ് ഫെഡറേഷൻ കപ്പ് ഫുഡ്‌ബോളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2011 ൽ ഫെഡറേഷൻ കപ്പിലും, ഡ്യൂറന്റ് കപ്പിലും ക്ലബ്ബിനെ സെമി ഫൈനലിൽ ലജോംഗ് ക്ലബ്ബിനെ എത്തിക്കുന്നതിനും അദ്ദേഹത്തിനായി.