സ്വര്‍ണംപോലെ ദിവസവും വില നിശ്ചയിക്കുന്ന സംവിധാനം പെട്രോള്‍, ഡീസല്‍ വിലയിലും ഏര്‍പ്പെടുത്തിയ ആദ്യ ഒരാഴ്ച ഉപഭോക്താവിന് നേട്ടം. പക്ഷേ, കൊടുങ്കാറ്റിനു മുമ്പുള്ള നിശബ്ദതയാണോ ഇതെന്ന് ചിലരെങ്കിലും ചോദിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ പല പമ്പുകളില്‍ പെട്രോളിനും ഡീസലിനും പല വിലയാണെന്ന ആരോപണം ഉണ്ട്്.
കഴിഞ്ഞ ഒരാഴ്ചകൊണ്ട് പെട്രോള്‍ ലിറ്ററിന് 1.77 രൂപയാണ് കുറഞ്ഞത്. ജൂണ്‍ 16ന് ഡല്‍ഹിയിലെ പെട്രോള്‍ വില 65.48 രൂപയായിരുന്നു. ജൂണ്‍ 25ന് വില ലിറ്ററിന് 63.71 രൂപയായി. ഡീസലിനും സമാനമായ വിലക്കുറവുണ്ടായി. ജൂണ്‍ 16ലെ വിലയായ 54.49 രൂപയില്‍നിന്ന് 53.61 രൂപയിലേയ്ക്കാണ് വില താഴ്ന്നത്. ദിനംപ്രതി 11 പൈസമുതല്‍ 32 പൈസവരെയാണ് പെട്രോള്‍ വിലയില്‍ കുറവുവരുന്നത്. ഡീസല്‍ വിലയിലാണെങ്കില്‍ രണ്ട് പൈസമുതല്‍ 18 പൈസവരെയും.
അഞ്ച് നഗരങ്ങളില്‍ വിജയകരമായി നടപ്പാക്കിയതിനുശേഷമാണ് രാജ്യത്തൊട്ടാകെ പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി രാവിലെ ആറുമണിക്കാണ് ഇന്ധന വില പുതുക്കുന്നത്.