നടിയെ ആക്രമിച്ച കേസിലെ പ്രതി ജയിലിനുള്ളിലും കുറ്റകൃത്യങ്ങള്‍ തുടരുന്നു: പി.ടി.തോമസ്

0
101

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയും കൂട്ടാളികളും ജയിലിനുള്ളില്‍പോലും കുറ്റകൃത്യങ്ങള്‍ തുടരുന്ന സ്ഥിതിയാണുള്ളതെന്ന് പി.ടി.തോമസ് എം.എല്‍.എ. കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും പി.ടി. തോമസ് ആരോപിച്ചു.

പള്‍സര്‍ സുനിക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ അന്വേഷണം നടന്നില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ പല വിവരങ്ങളും പുറത്തുവന്നേനെ. മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

കേസിന്റെ തുടക്കം മുതല്‍ അന്വേഷണത്തില്‍ കേരള പൊലീസിനുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ ഇതില്‍ ഗൂഡാലോചനയില്ലെന്നു പറഞ്ഞ സാഹചര്യത്തില്‍ കേരളാ പോലീസ് ഗൂഡാലോചനയില്ല എന്നതിന് അപ്പുറത്തേക്ക് പോകുമോ എന്ന് സന്ദേഹമുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത്. ആദ്യം അന്വേഷണം നടത്തിയ പോലീസുകാര്‍ മുന്‍വിധിയോടെയാകും ലഭിച്ച വിവരങ്ങളെ സമീപിച്ചത്. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.