ബംഗളൂരുവില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62 വയസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പിന്നീടാണ് ആളുകള്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ചിന്നരാമയ്യയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
ബംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയപ്പോള്‍ വീട്ടിലെത്തിയ ചിന്നരാമയ്യ തനിച്ചിരിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചിന്നരാമയ്യയെ തടഞ്ഞുവച്ച് മര്‍ദിക്കുകയും പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
കുട്ടിയുടെ വീടിന് സമീപത്ത് തന്നെയാണ് ചിന്നരാമയ്യയുടേയും വീട്. ഇരു കുടുംബങ്ങളും തമ്മില്‍ അറിയാവുന്നതുമാണ്. കുട്ടിയുടെ ബന്ധുക്കള്‍ തന്നെയും ഭര്‍ത്താവിനെയും അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് ചിന്നരാമയ്യയുടെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.