പൾസർ സുനിയുടെ സഹതടവുകാരായിരുന്ന രണ്ട് പേർ അറസ്റ്റിൽ

0
138

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ദപ്പെട്ട്  ചലച്ചിത്ര താരം ദിലീപിനെ ഭീഷണിപ്പെടുത്തി കത്തയച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പൾസർ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശിയായ വിഷ്ണു, പത്തനംതിട്ട സ്വദേശിയായ സനൽ എന്നിവരാണ്
അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് അവസാനത്തോടു കൂടിയാണ് ഇരുവരും ജയിലിൽ നിന്ന് ഇറങ്ങിയത്. പൾസർ സുനി എന്ന സുനിൽ കുമാർ പറഞ്ഞിട്ടാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. സുനിൽ കുമാറിന്റെ കൈവശം പണമുണ്ടായിരുന്നില്ല. കേസുനടത്താൻ പണം വേണ്ടതിനാൽ ദിലീപിനോട്  പണം വാങ്ങണമെന്ന് ആവശ്യപ്പെട്ടു. പണം ലഭിച്ചാൽ വിഹിതം നൽകാമെന്നും സുനിൽ കുമാർ അറിയിച്ചതായി ഇവർ മൊഴി നൽകി. ഇരുവരെയും  മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജയിലിനുള്ളിൽവച്ച് പൾസർ സുനിയുമായി ഗൂഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണു ഇവരുടെമേൽ ചുമത്തിയത്. അതേസമയം, ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ കേസെടുക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. പൾസർ സുനി ദിലീപിനായെഴുതിയതെന്നു കരുതുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് പരിശോധനയിൽ വ്യക്തമാകുകയും ചെയ്തിരുന്നു. ‘ദിലീപേട്ടാ’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്താണ് പുറത്തായത്. ജയിലിൽവച്ച് താൻ എഴുതുന്ന ഈ കത്ത്, വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണം മുഖവുരയിലുണ്ട്. ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തിൽ പറയുന്നു. കേസിൽ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട
കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്.
കൂടാതെ, ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായി പൾസർ സുനി നടത്തിയ സംഭാഷണവും പുറത്തായിരുന്നു.
എന്നാൽ ദിലീപിന്റെ മാനേജരെ വിളിച്ചത് വിഷ്ണുവാണെന്നായിരുന്നു അദ്യം കരുതിയിരുന്നത്. പിന്നീടാണ് ഇത് പൾസർ സുനിയാണെന്ന് വ്യക്തമായത്. ദിലീപിനയച്ച കത്ത് വായിക്കണമെന്നും സംഭാഷണമധ്യേ ഇയാൾ ആവശ്യപ്പെട്ടിരുന്നു