മഴക്കാലം മഹാമാരികളുടെ കാലമാകുമ്പോൾ, എത്ര കൊണ്ടിട്ടും പഠിക്കാത്ത മലയാളി

0
1332

പ്രസാദ്‌ പ്രഭാവതി

ചെറുപ്പത്തിൽ എല്ലാം കണ്ടിട്ടുള്ള ചില വീട്ടമ്മമാരുടെ ഒരു ശീലമാണ് വീടിനടുത്തുള്ള കടയിലേയ്ക്ക് ഓടി ചെന്ന് പറയും ചേട്ടാ ഒരു പാക്കറ്റ് കടുകെടുത്തേ (പപ്പടം, മുളക് ലരേ.) എണ്ണ അടുപ്പത്താണ് എന്ന്. ഇപ്പറഞ്ഞത് പോലെയാണ് കുറച്ചു കാലമായി നടക്കുന്ന മലയാളികളുടെ വർഷക്കാല ശുചീകരണ മഹാമഹങ്ങളും. മഴ തുടങ്ങി പകർച്ചവ്യാധികൾ വ്യാപിച്ചു തുടങ്ങിയാൽ ഉടനെ സർക്കാരിനും, രാഷ്ട്രീയ ശിങ്കങ്ങൾക്കും ശുചിത്വ പരിപാടികളുടെ ആവശ്യകത ഓർമയുണരും. ഉടനെ ഫോട്ടോഗ്രാഫറെ വിളിക്കുന്നു, അണികളെ കൂട്ടുന്നു, ശുചിത്വയജ്ഞം (20) ഫോട്ടോ റെഡിയാക്കുന്നു. അടുത്ത ഫോട്ടോ പിടിക്കാൻ വീണ്ടും ഒരു സീസൺ തുടങ്ങാനായുള്ള കാത്തിരിപ്പ്.

കേരളം വീണ്ടുമൊരു പനിക്കാലത്തെ കൂടി ആഘോഷിക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, വൈറൽ പനി, പന്നിപ്പനി, തക്കാളിപ്പനി എന്നിങ്ങനെ ഓരോ വർഷം കഴിയുംതോറും പനികളുടെ എണ്ണത്തിലും, വ്യത്യസ്തതയിലും ബാഹുല്യം ഏറുന്നുമുണ്ട്. ഭരണം  മാറിയതുകൊണ്ടു  തന്നെ  പനിക്കെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷവും, പനിക്കെതിരെ സർക്കാർ തലത്തിൽ വീഴ്ച്ചയില്ലെന്ന് വാദിക്കുന്ന ഭരണപക്ഷവും പരസ്പരം കസേര കൈമാറി എന്നതിൽ കവിഞ്ഞൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിൽക്കവിഞ്ഞു പനിയെ എങ്ങിനെ നിയന്ത്രിക്കാം എന്ന വിഷയത്തിൽ ആർക്കും വ്യക്തമായൊരു ധാരണയുമില്ല താനും. എല്ലാ പനി സീസണിലും പുതിയ പനികൾ പിറക്കും, അവ മൂലം കുറച്ചു പേർ മരിക്കും, പിന്നീട് രോഗത്തിനുള്ള മരുന്ന് വിപണിയിൽ ഇറങ്ങും ഇങ്ങനെയുള്ള ഒരു ആചാരം കേരളത്തിൽ ഉണ്ടായിക്കഴിഞ്ഞു എന്നതല്ലാതെ എങ്ങിനെ പകർച്ചവ്യാധികൾ സീസൺ തുടങ്ങും മുൻപേ തടയാം എന്ന് ഭരിക്കാൻ വേണ്ടി കയറ്റിയിരുത്തിയവരോ, സർക്കാർ ശമ്പളം വാങ്ങുന്ന ആരോഗ്യ ‘വിദഗ്ദരോ ‘ ചിന്തിക്കാറുമില്ല. എന്തെല്ലാം സംഭവിച്ചാലും ഇവർക്കെല്ലാം വേതനം കൃത്യമായി കിട്ടും എന്നതുകൊണ്ട് തന്നെ പകർച്ച വ്യാധികളെ തടയുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യവും അവർക്കില്ലല്ലോ? അതുകൊണ്ടു തന്നെ സർട്ടിഫിക്കറ്റുകളിൽ നൂറു ശതമാനത്തോളം സാക്ഷരതയുണ്ടെന്നു പൊങ്ങച്ചം പറയുന്ന ജനത ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു ഇത്തരം പ്രതിസന്ധികളെ എങ്ങിനെ ഒഴിവാക്കാം എന്ന്.


അക്ഷരം കൂട്ടിവായിക്കാൻ അറിയുന്നവരുടെ എണ്ണത്തിൽ കൂടുതൽ ഉണ്ടെന്നല്ലാതെ വിദ്യാഭ്യാസത്തിന്റെ പ്രായോഗിക തലത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെ പിന്നിലാണ് കേരളം എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. അതിനാൽ തന്നെ ജനസംഖ്യയിലും, വലുപ്പം കൊണ്ടും ചെറുതാണെങ്കിലും വൈദ്യതി ഉത്പാദനം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നീ  സർവ്വപ്രധാനമായ മൂന്ന് വിഷയങ്ങളിലും കേരളത്തിനു പരിഹാരം കാണാൻ സാധിച്ചിട്ടുമില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇവ മൂന്നും പരസ്പരപൂരകങ്ങളായ വിഷയങ്ങളാണുതാനും. രാജ്യത്ത് ഏറ്റവും ശുചിത്വം പുലർത്തുന്ന ജനത എന്നേതോ ഒരു കാലത്ത് ആരോ പടച്ചുവിട്ട ഗീർവാണം ഇന്നും കഴുത്തിലിട്ടു നടക്കുന്നവരാണ് മലയാളികൾ എങ്കിലും, സാമൂഹിക ശുചിത്വം എന്ന വിഷയത്തിൽ യാതൊരു വിധ ഗുണവും ഇല്ലാത്ത കൂട്ടരാണ് നാം. വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ആളൊഴിഞ്ഞ ഇടങ്ങളിലും, മരങ്ങളുടെ ചുവട്ടിലും പോയി മൂത്രമൊഴിക്കുന്ന സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പുറമ്പോക്ക് പ്രദേശങ്ങളിലും, ജലാശയങ്ങളിലും കൊണ്ട് തള്ളുന്ന പ്രബുദ്ധ ജനത. മഴയൊഴിഞ്ഞ കാലങ്ങളിൽ ഇങ്ങനെ നാടിന്റെ നാനാഭാഗങ്ങളിൽ കൊണ്ട് തള്ളിയ മാലിന്യങ്ങൾ  തന്നെ പോരാടുവോം പോരാടുവോം  മഴക്കാല രോഗങ്ങളോട് പോരാടുവോം മുദ്രാവാക്യം വിളികളുമായി നമ്മൾ ചുമന്നു സംസ്‌കരിക്കാനായി കൊണ്ടുപോകും.

മറ്റു സംസ്ഥാനങ്ങൾ മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഉപോത്പന്നമായി ബയോഗ്യാസും, വളവും, വൈദ്യുതിയും വരെ ഉത്പാദിപ്പിക്കുമ്പോൾ പില്ലറുകൾ ദ്രവിച്ചു നിലംപതിക്കാറായ ബ്രഹ്മപുരം പ്ലാന്റും, കളമശ്ശേരിയെ മുഴുവൻ സുഗന്ധപൂരിതമാക്കി കൊണ്ട് നിലകൊള്ളുന്ന മാലിന്യക്കൂമ്പാരവുമാണ് കേരളം മാലിന്യനിർമ്മാർജ്ജനത്തിൽ കൈവരിച്ച നേട്ടത്തിന്റെ ഉദാത്തമാതൃകയായി നിലവിലുള്ളത്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലെ നേമക്കലിൽ  പ്രതിദിനം മുന്നൂറു ടണ്ണോളം കോഴി അവശിഷ്ടം ഉപയോഗിച്ച് കൊണ്ട് 4 മെഗാവാട്ട് ശേഷിയുള്ള പവർ പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ച ജൈവവളവും വൈദ്യുതി നിർമ്മാണ ശേഷം ലഭിക്കുന്നു. ഇതിനു പുറമെ രണ്ടു വർഷങ്ങൾക്ക് മുൻപ് ഖര മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയും നാമക്കൽ മുനിസിപ്പാലിറ്റി തുടങ്ങുകയുണ്ടായി. മഹാരാഷ്ട്രയിലെ സോളാപൂരിലും, സൂററ്റിലും എല്ലാം സമാന മാതൃകകളിൽ മാലിന്യങ്ങളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികൾ നടപ്പിലായിട്ടുണ്ട്. വളരെ ചെറിയ സംസ്ഥാനമായ ദില്ലിയിൽ മാത്രം പ്രവർത്തനം ആരംഭിച്ചു കൊണ്ടിരിക്കുന്ന മൂന്നു പദ്ധതികളുടെ മൊത്തം ശേഷി 52 മെഗാവാട്ട് ആണ്.  ഈ വിഷയത്തിൽ എടുത്തു പറയേണ്ട മറ്റൊരു വസ്തുത എന്തെന്നാൽ മാലിന്യ സംസ്‌കരണ പദ്ധതികൾക്കായി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം ആരാഞ്ഞപ്പോൾ കേരളത്തിൽ നിന്നും ചെന്നത് ഒരേയൊരു പദ്ധതിക്കുള്ള ശുപാർശ ആണ്. പതിനൊന്നു പദ്ധതികൾക്കുള്ള ശുപാർശ നൽകിയ ആന്ധ്രാ പ്രദേശും, അഞ്ചു പദ്ധതികൾക്കായി അപേക്ഷ നൽകിയ ഉത്തർപ്രദേശും, മധ്യപ്രദേശും, എല്ലാം അപേക്ഷകരുടെ മുൻനിരയിൽ നിൽക്കുമ്പോൾ ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ മൂന്നു വീതം പദ്ധതികൾക്കായി അപേക്ഷ നൽകി.

കാലാകാലങ്ങളിൽ അധികാര കസേരയിൽ ഇരിക്കുന്നവർ മാലിന്യസംസ്‌കരണത്തെ കുറിച്ച് പഠിക്കാൻ വേണ്ടി നടത്തിയ വിദേശ യാത്രകളല്ലാതെ, പൊടി പിടിച്ച ഫയലുകൾക്ക് മോക്ഷം നൽകുന്ന ഒരു പദ്ധതി തുടങ്ങാൻ കേരളത്തിനായിട്ടില്ല. ടോണി ചമ്മിണി എന്ന പേര് കേട്ടാൽ മലയാളികൾക്ക് ആകെ ഓർക്കാനുള്ളതും ഇതേ പേരിൽ നടത്തിയ വിനോദസഞ്ചാരങ്ങൾ മാത്രവുമാണ്. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് പ്രതിവർഷം അഞ്ചു ടണ്ണോളം ഇറച്ചി അവശിഷ്ടങ്ങൾ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. പച്ചക്കറി വിഭവങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇതിനു പുറമേ. പാരമ്പര്യേതര ഊർജ്ജഉൽപ്പാദന മാർഗങ്ങൾ ചെലവു കൂടിയവ ആണെന്നൊരു ആക്ഷേപം പരക്കെ ഉണ്ട്. പക്ഷെ ആലോചിക്കേണ്ടത് ഇത്തരം പദ്ധതികളുടെ പ്രാഥമിക ഉദ്ദേശ്യം മാലിന്യ സംസ്‌കരണം ആണെന്നതാണ്. വളവും, വൈദ്യുതിയും എല്ലാം ഉപോത്പന്നങ്ങൾ ആയതിനാൽ അവ ഉത്പാദിപ്പിക്കപ്പെടുന്ന ചെലവിനെ പരിഗണിക്കേണ്ടതുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ മാലിന്യം സംഭരിക്കാനുള്ള വ്യവസ്ഥകൾ നടപ്പിലാക്കുകയും, അതിനായി ജനങ്ങളിൽ നിന്നും നിശ്ചിത തുക ഈടാക്കുകയും ചെയ്യുക. ഹോട്ടലുകൾ, കമ്യൂണിറ്റി ഹാളുകൾ, കശാപ്പുശാലകൾ, എന്നിവയ്ക്കെല്ലാം പ്രത്യേക തുക ഏർപ്പെടുത്തുകയും ആവാം. അതോടെ മാലിന്യ സംസ്‌കരണത്തിനുള്ള ചെലവ് ഒരു പരിധിവരെ നിയന്ത്രണവിധേയമാകും. ഈ പറഞ്ഞ കാര്യങ്ങൾ ഏർപ്പാടാക്കിയതിനു ശേഷം മാത്രം പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തുക. സംസ്ഥാനത്തെ പല നഗരസഭകളും അത്യാവശ്യത്തിനുള്ള മാലിന്യ സംഭരണ വ്യവസ്ഥകൾ ചെയ്യാതെയാണ് ജനങ്ങളെ ഇക്കാര്യത്തിൽ പിഴയൊടുക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നതും. എല്ലാ വീടുകളിൽ നിന്നും നിർബന്ധമായി മാലിന്യ നിർമ്മാർജ്ജനത്തിനുള്ള തുക ഈടാക്കി തുടങ്ങിയാൽ ജനങ്ങളും മറ്റുപാധികൾ തേടി പോവുകയുമില്ല.

മേൽപ്പറഞ്ഞ വിധം ഒരു വ്യവസ്ഥിതി ഉണ്ടാക്കുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ അതുകൊണ്ടുണ്ടാകുന്ന പ്രധാനമായ രണ്ടു മാറ്റങ്ങൾ കൂടിയുണ്ട്. ഒന്ന് മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും ഭക്ഷണം തേടി, സമൂഹത്തിനു ഭീഷണിയായി മാറിയ തെരുവുനായ പ്രശ്‌നത്തിന് ഒരു പരിധിവരെ തടയിടാൻ സാധിക്കും. രണ്ടാമതായി സ്വന്തം വീട്ടിലെ മാലിന്യങ്ങൾ തോടുകളിലും, പുഴകളിലും കൊണ്ട് നിക്ഷേപിക്കുന്ന മലയാളിയുടെ സംസ്‌കാരം മാറി ജലവിഭവങ്ങളും സംരക്ഷിക്കപ്പെടും. അര ലക്ഷം പേർക്ക് ജീവദായിനി ആയൊഴുകുന്ന പെരിയാർ അടക്കമുള്ള നദികളിൽ വിഷം കലക്കുന്ന ഇലക്ഷൻ ഫണ്ട് ദാതാക്കളെ നില നിർത്തുവാനും ഭരണാധികാരികൾക്ക് സാധിക്കേണ്ടതുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകൾ മുതൽ ഫാക്റ്ററികളിൽ നിന്നും ഒഴുകുന്ന മലിനജലം വരെയുള്ളവ ശാസ്ത്രീയമാം വിധം ശേഖരിച്ച് ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ കാർഷിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാനും സാധിക്കും.  ഇതിനെല്ലാം പുറമെ  തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ കീഴിൽ തൊഴിലവസരങ്ങളും വർധിക്കും. ഓരോ നാൽക്കവലയിലും ഒരു എൻജിനീയറിങ് കോളേജ് വീതം എന്ന സ്ഥിതിവിശേഷമുള്ള ഒരു സംസ്ഥാനമാണ് മാലിന്യ സംസ്‌കരണം എന്ന വിഷയത്തിൽ തോറ്റമ്പി നിൽക്കുന്നതെന്നും ഓർക്കണം. മാലിന്യ സംസ്‌കരണത്തിൽ നിന്നുള്ള ഊർജ്ജോത്പാദനം പ്രധാനമാകുന്നത് സാക്ഷരതയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സംസ്ഥാനത്തിനിപ്പോഴും അതിരപ്പിള്ളി വെട്ടി വെളുപ്പിക്കാതെ മറ്റൊരു മാർഗമില്ല എന്ന രോദനം കേൾക്കുന്നത് കൊണ്ടുമാണ്. സാക്ഷരജനതയെ നയിക്കുന്ന നിരക്ഷര നേതൃത്വങ്ങൾ  അറിയുക അതിരപ്പിള്ളിയും കൂടംകുളവും അല്ലാതെയുള്ള സാധ്യതകളും നമുക്കുണ്ട്.

ഒരു വസ്തുവിന്റെ ദൗർലഭ്യതയെ പരിഹരിക്കുവാൻ ഉള്ള മാർഗം ഉത്പാദനം വർദ്ധിപ്പിക്കുക എന്നത് മാത്രമല്ല ഉപഭോഗത്തെ വിവേകപൂർവം നിയന്ത്രിക്കുക എന്നതുമാണ്. സംസ്ഥാനത്തെ പാതയോരങ്ങളിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന കൂറ്റൻ പരസ്യബോർഡുകളെ കാണുമ്പോൾ തോന്നാറുണ്ട്, എന്തുകൊണ്ട് ഇവയിലെല്ലാം സോളാർ പാനലുകൾ നിർബന്ധമാക്കിക്കൂടാ എന്ന്. വിൻഡ് മില്ലുകൾ ഉപയോഗിക്കുന്ന പരസ്യ ബോർഡുകളും വിദേശരാജ്യങ്ങളിൽ കാണാവുന്നതാണ്. ചൂടുള്ള പ്രദേശങ്ങളിൽ സോളാർ, കാറ്റുള്ള ഇടങ്ങളിൽ വിൻഡ് മിൽ, തിരമാലകളുടെ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന വേവ് പവർ എന്നിങ്ങനെ ഊർജ്ജഉത്പാദന സംവിധാനളെ വൈവിധ്യങ്ങളോടെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏകീകൃതമായ ഒരു സംവിധാനം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയെങ്കിലും വേണം. മാലിന്യ സംസ്‌കരണം പോലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ  ടൈഡൽ പവർ പ്ലാന്റുകൾ നിർമ്മിക്കുന്നതിനായും കേന്ദ്രസർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞു. ചെറിയ തിരകൾ കൊണ്ട് പോലും കറങ്ങുന്ന കനം കുറഞ്ഞ ടർബൈനുകൾ വരെ ഇപ്പോൾ ഉണ്ടാക്കപ്പെടുന്ന ഇക്കാലത്ത് അതിരപ്പിള്ളി മാത്രമേ നടപ്പിലാക്കൂ എന്ന വാശിയും സംസ്ഥാനം കളയേണ്ടതുണ്ട്. രാജ്യസഭാ ചർച്ചകളിൽ എക്കാലവും കേന്ദ്രമന്ത്രിമാരിൽ നിന്നും നാം കേട്ടിട്ടുള്ള മറുപടിയാണ് കേരളത്തിൽ നിന്നും മതിയായ രേഖകൾ ലഭിച്ചിട്ടില്ല എന്നത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ എംപിമാർ രാഷ്ട്രീയം മാറ്റി വെച്ചുകൊണ്ട് സംസ്ഥാനത്തിനായി വാദിക്കുമ്പോൾ, കേന്ദ്ര സർക്കാരിന് പ്രോട്ടോകോൾ പ്രകാരമുള്ള അപേക്ഷകൾ നൽകുന്നതിൽ എന്തുകൊണ്ട് കേരളം മാത്രം തോറ്റുപോകുന്നു എന്നതും ചിന്തനീയമാണ്.

ഇതിനെല്ലാം പുറമെ സോഷ്യലിസം എന്ന വാക്കിനു മൂല്യം നൽകാൻ ഭരണകൂടങ്ങളും തയ്യാറാകണം. ബില്ലടയ്ക്കാൻ കാശുള്ളവന് എത്ര വേണമെങ്കിലും വൈദ്യുതി ഉപയോഗിക്കാം എന്ന നയം ഒരിക്കലും ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല. നിശ്ചിത വലിപ്പത്തിൽ കൂടുതലുള്ള വീടുകൾക്ക് സോളാർ നിർബന്ധമാക്കുന്നതടക്കമുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കപ്പെടേണ്ടതുണ്ട്. നാധിപത്യ രാജ്യത്തിലെ ഒന്നാമത്തെ പണക്കാരന്റെ സെവൻ സ്റ്റാർ ഭവനത്തിനായി  ഒരു മാസം ഏഴായിരം വീടുകൾക്ക് തുല്യമായ വൈദ്യുതിയും, അഞ്ചു ലക്ഷം ലിറ്റർ വെള്ളവും ചെലവാക്കപ്പെടുന്നു എന്ന നികൃഷ്ടതയിൽ  അഭിമാനം കൊള്ളുന്ന ഏകരാജ്യവും ഒരുപക്ഷെ  ഇന്ത്യ ആയിരിക്കും.  നാളെയൊരു കാലത്ത് സർക്കാരുകൾ മടി പിടിച്ചു നിൽക്കുന്ന  പാരമ്പര്യേതര ഊർജ്ജ പദ്ധതികൾ നടപ്പിലാക്കി ജനങ്ങൾക്ക് വൈദ്യുതിയും, ജലവും എല്ലാം നൽകാൻ പോകുന്നതും അംബാനിയും, അദാനിയും അടക്കമുള്ള കോർപറേറ്റ് കമ്പനികളും ആയിരിക്കും. ഞാനോ നിങ്ങളോ നൽകുന്ന നൂറു രൂപ സംഭാവനകൾ കൊണ്ടല്ലല്ലോ, സർക്കാരുകൾ രൂപീകരിക്കപ്പെടുന്നത് ?