മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ: കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടി അധികാര ദുരുപയോഗമെന്ന് എഡിറ്റര്‍മാര്‍

0
80

രണ്ട് വര്‍ഷം മുന്‍പ് എം.എല്‍.എമാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷയും പിഴയും വിധിച്ച കര്‍ണാടക നിയമസഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി എഡിറ്റര്‍മാരുടെ അസോസിയേഷന്‍. അധികാര ദുരുപയോഗമാണ് കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടിയെന്നാണ് എഡിറ്റര്‍മാരുടെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു തരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ.ബി.കൊളീവാദും ബി.എം.നാഗരാജുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. 2014 ല്‍ പരാതി നല്‍കിയ കോളിവാദ് ആണ് ഇപ്പോള്‍ നിയമസഭാ സ്പീക്കര്‍. പരാതിക്കാരനും ജഡ്ജിയും ഒരാള്‍ തന്നെയായ കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടന്നിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ കുറ്റപെടുത്തി.

കര്‍ണാടക നിയമസഭയുടെ നടപടിക്കെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും അപമാനിക്കപ്പെട്ടതായി വ്യക്തികള്‍ക്ക് തോന്നുന്നുവെങ്കില്‍ അവര്‍ക്ക് കോടതിയില്‍ മാനനഷ്ടക്കേസ് കൊടുക്കാമെന്നും ആംനെസ്റ്റി അറിയിച്ചു.

ഹായ് ബാംഗ്ലുര്‍ എഡിറ്റര്‍ രവി ബോലഗെരെ, യെലഹങ്ക വോയ്സ് എഡിറ്റര്‍ അനില്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കര്‍ണാടക നിയമസഭ നടപടി സ്വീകരിച്ചത്. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് നിയമസഭ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചത്.