മോഡി ട്രമ്പ് കൂടിക്കാഴ്ച ഇന്ന്

0
127

വാഷിങ്ടൺ: ഡൊണാൾഡ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവെന്ന് നയതന്ത്രപരമായും രാഷ്ട്രീയപരമായും ഏറെ പ്രാധാന്യമുള്ള ആദ്യ കൂടിക്കാഴ്ച ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ‘യഥാർഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു’ എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയിൽ സുപ്രധാനവും തന്ത്രപരവുമായി കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് മോദി നേരത്തേ പറഞ്ഞിരുന്നു. എച്ച്-1 ബി വിസ നിയന്ത്രണവും അമേരിക്കയിൽ ഇന്ത്യാക്കാർക്കെതിരെ നടക്കുന്ന വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.

മോദിയും ട്രംപും നേരത്തെ മൂന്നു തവണ ഫോണിൽ സംഭാഷണം നടത്തിയിട്ടുണ്ട്. പ്രതിരോധം, തീവ്രവാദം, ഊർജ്ജം എന്നീ മൂന്നു വിഷയങ്ങളിലൂന്നിയാകും ചർച്ച. എച്ച്-1 ബി വിസച്ചട്ടങ്ങൾ ട്രംപ് ഭരണകൂടം കടുപ്പിച്ചത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്. ഇക്കാര്യം ട്രംപിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് സൂചന. തീവ്രവാദ വിഷയത്തിൽ പാകിസ്ഥാനെതിരായ ട്രമ്പിന്റെ നിലപാട് ഇന്ത്യക്ക് അനുകൂലമാകും.

മോദിയുടെ സന്ദർശനത്തിന് മുന്നോടിയായ 22 അത്യാധുനിക പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകൾ(ആളില്ലാ വിമാനങ്ങൾ) ഇന്ത്യക്ക് നൽകാൻ അമേരിക്കൻ കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. നാറ്റോയ്ക്ക് പുറത്തുള്ള രാജ്യത്തിന് യു.എസ് ആദ്യമായാണ് ഡ്രോണുകൾ വിൽക്കുന്നത് എന്ന പ്രത്യേകതയും ഇടപാടിനുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് യു.എസ് അറിയിപ്പു നൽകി കഴിഞ്ഞു.

കഴിഞ്ഞ ദിവസം വാഷിങ്ടണിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് വെർജീനിയയിൽ ഇന്ത്യക്കാരെ അഭിമുഖീകരിച്ച ശേഷമാണ് കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം  ഉന്നത ഉദ്യോഗസ്ഥരോടൊപ്പവും ചർച്ച നടത്തുന്നുണ്ട്. ശേഷം വൈറ്റ് ഹൗസിൽ നടക്കുന്ന പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും.