രഹാനെക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് ജയം

0
134


പോർട്ട് ഓഫ് സ്‌പെയിൻ: മഴയും ഇന്ത്യയും നിറഞ്ഞാടിയ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന പരമ്പരയിൽ ഇന്ത്യക്കു തകർപ്പൻ ജയം. മഴ കളി തടസപ്പെടുത്തി 43 ഓവറായി ചുരുക്കിയ മത്സരത്തിൽ ആതിഥേയർക്കെതിരെ 105 റൺസിനാണ് ഇന്ത്യൻ ജയം. അജിങ്ക രഹാനെയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ നേടിയ 310 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് ടീം 205 റൺസിൽ ഒതുങ്ങി. അർധ സെഞ്ചുറി നേടിയ ഓപ്പണർ ഷായി ഹോപ് (81) മാത്രമാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ തിളങ്ങിയത്.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 ഓവറിലാണ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തത്. 104 പന്തിൽനിന്ന് 10 ഫോറിന്റെയും രണ്ടു സിക്‌സിന്റെയും അകമ്പടിയോടെ 103 റൺസ് നേടിയ അജിങ്ക്യ രഹാനയുടെയും അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. ഏകദിനത്തിലെ രഹാനെയുടെ മൂന്നാം സെഞ്ചുറിയാണിത്. ധവാൻ 59 പന്തിൽ 63 റൺസെടുത്തു. 66 പന്തിൽ 87 റൺസെടുത്ത വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഹാർദിക് പാണ്ഡ്യ (4), യുവരാജ് സിംഗ്(14) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി.

മഴ കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. തകർച്ചയോടെയായിരുന്നു വെസ്റ്റ് ഇൻഡീസ് മറുപടി. ഓപ്പണർ കീറൻ പവലും മൂന്നാമൻ ജാസൺ മുഹമ്മദും റണ്ണൊന്നും എടുക്കാതെ പുറത്തായി. നാല് റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസിനെ ഹോപും ലെവിസും (21) ചേർന്ന് മുന്നോട്ട് നയിച്ചു. 93ൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനു ശേഷം തുടർച്ചയായി വിക്കറ്റ് വീണത് വിൻഡീസിന് ഇന്ത്യയുടെ റൺമല അപ്രാപ്യമാക്കി. റോസ്റ്റൻ ചേസ് (33) മാത്രമാണ് ഹോപിനെ കൂടാതെ മികച്ച് ബാറ്റ് ചെയ്തത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർകുമാർ രണ്ടും അശ്വിൻ  ഒന്നും വിക്കറ്റ് വീതം വീഴ്ത്തി.