ന്യൂഡല്‍ഹി: ലോക്കറില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് ബാധ്യതയില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യയും (ആര്‍ബിഐ) 19 പൊതുമേഖലാ ബാങ്കുകളും നല്കിയ ആര്‍ടിഐ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒരു അഭിഭാഷകനാണ് ഇതുസംബന്ധിച്ച് ആര്‍ടിഐ പ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ ആര്‍ബിഐ ഉള്‍പ്പെടെ എല്ലാ ബാങ്കുകളില്‍നിന്നും ലഭിച്ചത് ഒരേ മറുപടിയാണ്. ലോക്കറില്‍ മൂല്യമുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ളത് ഉടമയും വാടകക്കാരനും തമ്മിലുള്ളതുപോലെയുള്ള ബന്ധം മാത്രമേ ഉള്ളുവെന്നും ഇത് കരാറില്‍ പറയുന്നതാണെന്നുമാണ് ലഭിച്ച മറുപടി.
അതിനാല്‍ തങ്ങളുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടാന് വാടകക്കാരനാണ് അതിന്റെ ബാധ്യത എന്നാണ് ബാങ്കുകളുടെ വാദം. ഇത് പല ബാങ്കുകളും അവരുടെ കരാറില്‍ത്തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ആര്‍ബിഐയില്‍നിന്നും ബാങ്കുകളില്‍നിന്നും ലഭിച്ച മറുപടികളുടെ അടിസ്ഥാനത്തില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ് അഭിഭാഷകന്. ബാങ്കുകള്‍ കൂട്ടമായി ഇത്തരമൊരു തീരുമാനമെടുത്ത് മത്സരം ഒഴിവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.