വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ഈദ് ആഘോഷം നടത്തുന്ന പതിവ് അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദശാബ്ദമായി നിലവിലുണ്ടായിരുന്ന പതിവാണ് ട്രംപ് അവസാനിപ്പിച്ചത്.
ബില്‍ ക്ലന്റണിന്റെ കാലത്താണ് പ്രസിഡന്റിന്റെ വസതിയില്‍ അതിഥികളെ ക്ഷണിച്ച് ഈദ് ആഘോഷം നടത്താന്‍ തുടങ്ങിയത്. പിന്നീട്, ബുഷിന്റെയും ഒബാമയുടെയും ഭരണകാലത്തും ഇത് തുടരുകയായിരുന്നു. പെരുന്നാള്‍ ആഘോഷം മാത്രമല്ല, റംസാന് കാലത്ത് സായാഹ്നങ്ങളില്‍ ഇഫ്താര്‍ വിരുന്നും നടത്തപ്പെട്ടിരുന്നു. ഇത്തവണത്തെ നോമ്പ് കാലത്ത് ഇഫ്താറും വൈറ്റ് ഹൗസില്‍ നടത്തപ്പെട്ടിരുന്നില്ല. മുന്‍ വൈറ്റ് ഹൗസ് ജീവനക്കാര്‍ ഇത്തവണ തങ്ങളുടെ മുന്‍ ഓഫീസില്‍ ഇഫ്താര്‍ വിരുന്ന് നടത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും അനുമതി നല്കപ്പെട്ടില്ല. അതേസമയം, ഇഫ്താര്‍ വിരുന്നുകളും പെരുന്നാള്‍ ആഘോഷവും നടത്തുന്ന പതിവ് അവസാനിപ്പിച്ചതിനെക്കുറിച്ച് വൈറ്റ് ഹൗസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.
എന്നാല്‍, ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രഥമവനിത മെലാനിയ ട്രപിന്റെയും സന്ദേശം വൈറ്റ് ഹൗസ് പുറത്തുവിട്ടു.