വൈസ്മെൻ ഇന്ത്യാ ഏരിയയുടെ നേതൃത്വത്തിൽ സേവന പദ്ധതികൾക്ക് തുടക്കം കുറിക്കും

0
101


കൊച്ചി: സന്നദ്ധ സംഘടനയായ വൈസ്മെൻ ഇന്റർനാഷണലിന്റെ 35-ാമത് വാർഷിക സമ്മേളനം നടന്നു. വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഹെന്റി ജെ ഗ്രിൻന്തൈം സമ്മേളനം ഉൽഘാടനം ചെയ്തു. ഇന്ത്യ ഏരിയ പ്രസിഡന്റായി ജിതിൻ ജോയ് ആലപ്പാട്ടിനെ ചടങ്ങിൽ അവരോധിച്ചു.വൈസ്മെൻ ഇന്റർനാഷണലിന്റെ ഔദ്യേഗിക കമ്മിറ്റി മെമ്പർമാരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ ജിതിൻ ജോയ് ആലപ്പാട്ടിന്റെ നേതൃത്വം യുവതലമുറയെ സാമൂഹ്യസേവനരംഗത്തേക്ക് കൊണ്ടുവരുവാനും കർമ്മോത്സുകരാക്കാനും പ്രചോദനമാവുമെന്ന്  ചടങ്ങുകൾക്ക് നേതൃത്വം നൽകിയ വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഹെന്റി ജെ ഗ്രിൻന്തൈം പറഞ്ഞു.  നിജുമോഹൻദാസ് (ഏരിയ സെക്രട്ടറി), ജോയി ആലപ്പാട്ട് (ഏരിയ കോർഡിനേറ്റർ), പി വിജയകുമാർ (ഏരിയ അഡൈ്വസർ),  എൻ പി വർഗ്ഗീസ് (ട്രഷറർ) മാത്യൂസ് എബ്രഹാം എന്നിവർ ഉൾപ്പെടുന്ന പൂതിയ ഭരണസമിതി സമ്മേളനത്തിൽ ചുമതലയേറ്റു.
‘ഒരു രാഷ്ട്രം ഒരു സംരംഭം’ എന്ന കാഴ്ച്ചപ്പാടിലൂന്നിയുള്ള 2017-18 ലെ സേവന പദ്ധതികളിൽ ക്യാൻസർ, പാലിയേറ്റീവ് കെയർ എന്നീ മേഖലകളിലാണ് പ്രാധാന്യം നൽകുന്നതെന്ന് പുതിയ പ്രസിഡന്റായ  ജിതിൻ ജോയ് ആലപ്പാട്ട് പറഞ്ഞു. ക്യാൻസർ രോഗികൾക്കായി ‘വീ കെയർ’ എന്ന പുതിയ സേവന പദ്ധതിയിലൂടെ ക്യാൻസർ ബാധിതരായവർക്ക് ധനസഹായം, പരിശോധന ക്യാമ്പുകൾ, ശുശ്രൂഷകൾ, മരുന്നുകൾ, രോഗബാധിതരുടെ കുട്ടികൾക്കുവേണ്ട പഠന സഹായം, ഭവന നിർമ്മാണ സഹായം,  തുടങ്ങി ഒട്ടനവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക്  ഈ വർഷം തുടക്കം കുറിക്കുന്നുണ്ട്. ഡോ. വി.പി ഗംഗാധരന്റെ നേതൃത്വത്തിൽ കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുമായി കൈകോർത്താണ് ഈ പദ്ധതികൾ നടപ്പിൽ വരുത്തുന്നതെന്ന്  അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളിലെപ്പോലെ തന്നെ ആരോഗ്യം, ആതുരസേവനം, പരിസ്ഥിതി എന്നീ മേഖലകളിലായി ഇരുപത്തിയഞ്ച് കോടി രൂപയുടെ കർമ്മപദ്ധതികളും സംഘടന നടപ്പിലാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ‘വീ കെയർ’ പ്രൊജക്ടിന്റെ ഭാഗമായി ‘കെയർ ദി കിഡ്’ പ്രോജക്ടുകൾ, രണ്ടു ലക്ഷം അനാഥർക്കു ഭക്ഷണം, ഡയാലിസിസ് യൂണിറ്റുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, പരിസ്ഥിതി ശുചീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ പദ്ധതികൾ ജൂലൈ 1 മുതൽ വൈസ്മെൻ ഇന്ത്യാ ഏരിയയുടെ അഞ്ചു മേഘലകളിലായി ആരംഭിക്കുമെന്ന് ജിതിൻ ജോയ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും, മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഉൾപ്പെടുന്ന ഇന്ത്യാ ഏരിയയെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ഞൂറ്റിയെഴുപത്തേഴ് ക്ലബ്ബുകളിൽ നിന്നായി ആയിരത്തിയഞ്ഞൂറിലധികം പ്രതിനിധികൾ സമ്മേളനത്തി്ൽ പങ്കെടുത്തു.