ശബരിമലയില്‍ അട്ടിമറിയല്ല ആചാരമെന്ന് പോലീസ്

0
225

ശബരിമലയിലെ പുതിയ കൊടിമരത്തിനു കേടുപാട് വരുത്തിയതിനു പിന്നില്‍ അട്ടിമറിയില്ലെന്ന് പോലീസ്. കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചതിന് ആന്ധ്രാ സ്വദേശികളായ അഞ്ചുപേരെ പോലീസ്  അറസ്റ്റു ചെയ്തിരുന്നു. ആചാരത്തിന്റെ ഭാഗമായാണ് മെര്‍ക്കുറി ഒഴിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമല ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. സന്നിധാനത്തെത്തി തെളിവെടുക്കേണ്ടതില്ലെന്നും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഐജി മനോജ് എബ്രഹാം പറഞ്ഞു. പത്തനംതിട്ടയില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്.

ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെ.എസ്.ആര്‍.ടി.സി. പരിസരത്തുനിന്നാണു അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, അഞ്ചംഗ സംഘം സംശയാസ്പദമായ രീതിയില്‍ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിടിയിലായവരില്‍നിന്നു മെര്‍ക്കുറിയും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിഷ്ഠ നടന്നു മണിക്കൂറുകള്‍ക്കുള്ളിലാണു സ്വര്‍ണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണു രാസവസ്തു ഒഴിച്ചു കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഡി.ജി.പി. ടി.പി. സെന്‍കുമാറിനു ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരുന്നു.

ഉച്ചയ്ക്ക് 1.50ന് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം പോലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് കൊടിമരത്തിന്റെ ചില ഭാഗങ്ങള്‍ കേടുവരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.