സുഷമാ സ്വരാജിനെ വാനോളം പുകഴ്ത്തി മോഡി

0
113

രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യക്കാരെ അഭിസംബോധന ചെയ്തപ്പോള്‍ ഏറ്റവും പുകഴ്ത്തിയത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും വിദേശകാര്യ വകുപ്പിനെയും.

ലോകത്തിന്റെ ഏതുകോണിലുള്ള ഇന്ത്യക്കാരനും സഹായം എത്തിക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനുള്ള മികച്ച ഉദാഹരണമാണ് സുഷമയും സംഘവും. സമൂഹമാധ്യമങ്ങള്‍ക്ക് വളരെയധികം ശക്തിയുള്ള കാലമാണിത്. ഞാനും ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇത്രയേറെ ജനങ്ങള്‍ക്ക് പ്രയോജനകരമായി ഉപയോഗിക്കുന്നത് സുഷമ സ്വരാജും വിദേശകാര്യമന്ത്രാലയവുമാണ്. നയന്ത്രവിഷയങ്ങള്‍ക്ക് സുഷമ സ്വരാജ് ‘മനുഷ്യത്വത്തിന്റെ മുഖം’ നല്‍കി. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും രാത്രി രണ്ടുമണിക്ക് ട്വിറ്ററിലൂടെ അഭ്യര്‍ഥന നടത്തിയാല്‍ 15 മിനുറ്റിനുള്ളില്‍ സുഷമ സ്വരാജ് അതിനു മറുപടി നല്‍കും പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാനില്‍ പോയി തിരികെ എത്തിയ ഇന്ത്യക്കാരിയായ ഉസ്മയുടെ കാര്യവും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. ‘നിറയെ സ്വപ്നങ്ങളുമായാണ് അവള്‍ പോയത് പക്ഷേ, വിചാരിച്ച പോലെ അല്ല കാര്യങ്ങള്‍ നടന്നത്. ഒരു മുസ്‌ലിമായ അവള്‍ കരുതിയത് പാക്കിസ്ഥാനില്‍ പോയാല്‍ ജീവിതം സന്തോഷപൂര്‍വമാകുമെന്ന്. അതല്ല സംഭവിച്ചത്. അവര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ സാധിച്ചതുകൊണ്ട് തിരികെ ഇന്ത്യയില്‍ എത്താന്‍ സാധിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നടപടികള്‍ ഏറെ സഹായിച്ചുമോദി പറഞ്ഞു. പാക്ക് പൗരനെ വിവാഹം ചെയ്യുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയ യുവതിയാണ് ഉസ്മ. അവിടെ എത്തിയപ്പോള്‍ അയാള്‍ക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ നാട്ടിലെത്താന്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പ്രശ്‌നങ്ങളില്‍പ്പെട്ടുപോയ 80,000 ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനു സാധിച്ചുവെന്നും മോദി അവകാശപ്പെട്ടു.