സംസ്ഥാനത്ത് പനിമരണങ്ങള്‍ നിയന്ത്രണാതീതമായിരിക്കുകയാണെന്നും പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സര്‍വകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പായില്ലെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഓരോ ദിവസവും പനിമരം കൂടുകയാണ്. ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന മഴക്കാല പൂര്‍വ ശുചീകരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുവരെ 200ല്‍ അധികം ആളുകള്‍ മരിച്ചു. ആയിരക്കണക്കിന് രോഗികള്‍ ചികത്സകിട്ടാതെ ബുദ്ധിമുട്ടുകയാണ്. പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ലാഘവത്തോടെയാണ് ഇതിനെ കാണുന്നത്. ജനുവരിയില്‍ ആരംഭിക്കേണ്ട മഴക്കാല ശുചീകരണത്തിനുള്ള ഉത്തരവിറക്കിയത് ജൂണിലാണെന്നതുതന്നെ ഇതിന് തെളിവാണ്.
സാധാരണക്കാര്‍ക്ക് മെഡിക്കല്‍ പഠനം സാധ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല പറഞ്ഞു. സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചുനല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. നിലവില്‍ 5.5 ലക്ഷമായാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരുവിദ്യാര്‍ഥിക്ക് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ 27 ലക്ഷം വേണമെന്ന സ്ഥിതിയാണിപ്പോഴുള്ളതെന്നും ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.