ഒരു കോടി രൂപയുടെ അസാധുവാക്കിയ നോട്ടുമായി നാലുപേര്‍ മലപ്പുറം തിരൂരങ്ങാടിയില്‍ ഇന്നലെ പിടിയിലായി. ഫറോക്ക് ചുങ്കം പറവണ്ടിവീട്ടില് ഫിന്‍സിര്‍ (36), താനൂര്‍ കെ പുരം പരവറമ്പത്ത് വീട്ടില്‍ സലാഹുദ്ദീന് (38), മലപ്പുറം കോട്ടപ്പടി നാട്ടുകെട്ടില്‍ വീട്ടില്‍ ഷിഹാദ് (38), കോഴിക്കോട് ബാലുശേരി കൊയിലോത്തുകണ്ടി ഷിജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. നാലുദിവസം മുമ്പേ ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. അസാധുവാക്കിയ 1000 രൂപയുടെ നോട്ടുകളാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തലപ്പാറയില്‍ തിരൂരങ്ങാടി എസ്.ഐ. വിശ്വനാഥന് കാരയിലിന്റെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് വന്‍ നോട്ടുവേട്ട നടന്നത്. കോഴിക്കോടുഭാഗത്തുനിന്ന് വരികയായിരുന്ന ആള്‍ട്ടോ കാറിന്റെ പിന്‍സീറ്റിനടിയില്‍ പെട്ടിയിലാണ് കറന്‍സി സൂക്ഷിച്ചിരുന്നത്. ചെന്നൈയില്‍നിന്നു ചുരുങ്ങിയ തുക നല്കി ശേഖരിച്ച കറന്‍സികള്‍ കമ്മീഷന് വ്യവസ്ഥയില്‍ കോട്ടക്കലെത്തിക്കുകയായിരുന്നു സംഘത്തിന്റെ ചുമതലയെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ ലഭിച്ചവിവരം. ഒരുകോടി അസാധുനോട്ടുകള്‍ കോട്ടക്കലില്‍ എത്തിച്ചാല്‍ മൂന്നുലക്ഷം രൂപയാണ് സംഘത്തിന് ലഭിക്കുക. എന്‍.ആര്.ഐ. സ്റ്റാറ്റസുള്ളവര്‍ക്ക് അസാധുനോട്ടു മാറാനുള്ള അവസരം മുതലെടുത്താണ് ഇവ ശേഖരിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ഇന്നലെ വൈകിട്ടോടെതന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു.