കെ.കെ.വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക്

0
94

മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും. മുകുള്‍ റോത്തഗി ഒഴിയുന്നതോടെ കെ.കെ.വേണുഗോപാലിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കും.

അറ്റോണി ജനറലായി തുടരാന്‍ താല്‍പര്യമില്ലെന്നും സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങണമെന്നും മുകുള്‍ റോത്തഗി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതോടെയാണ് വേണുഗോപാലിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കേരളത്തില്‍ ജനിച്ച വേണുഗോപാല്‍ കര്‍ണാടകത്തിലെ മംഗളൂരുവിലാണ് പഠിച്ചതും വളര്‍ന്നതും. പദ്മഭൂഷണും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 50 വര്‍ഷത്തോളം വേണുഗോപാല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 1960 മുതല്‍ വിവിധ കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരായിട്ടുള്ള വേണുഗോപാല്‍ 1972 മുതലാണ് രാജ്യത്തെ പരമോന്നത കോടതിയിലേക്ക് പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചത്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി സര്‍ക്കാര്‍ അദ്ദേഹത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. ഇതോടെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മദ്രാസില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറിയത്. പല സുപ്രധാന കേസുകളിലും അദ്ദേഹം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചില്‍ ഹാജരായിട്ടുണ്ട്. മുന്‍ ടെലികോം മന്ത്രി എ രാജ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ടു ജി സ്പെക്ട്രം കേസില്‍ അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചു.