ചൈനയെ നേരിടാനുള്ള അമേരിക്ക-ഇന്ത്യ കൂട്ടുകെട്ട് ദുരന്തമാകുമെന്ന്

0
1069

ചൈനയെ നേരിടാൻ അമേരിക്കയെ കൂട്ടുപിടിക്കുന്നത് ഇന്ത്യയെ മഹാ വിപത്തിലേയ്ക്ക് നയിക്കുമെന്ന് ചൈനീസ് പത്രം. ചേരിചേരാനയം വിട്ട് ചൈനയെ എതിരിടാനുള്ള അമേരിക്കയുടെ പാവയായി മാറിയാൽ ദക്ഷിണേഷ്യയിൽ പുതിയ അസ്വാരസ്യങ്ങൾക്ക് അത് ഇടയാക്കും. തന്ത്രപരമായ പ്രതിസന്ധികൾ ഇന്ത്യ അനുഭവിക്കേണ്ടി വരുമെന്നും പത്രം മുന്നറിയിപ്പു നൽകി.

പഴയ സോവിയറ്റ് യൂണിയനും ജോൺ എഫ് കെന്നഡി പ്രസിഡൻറായിരുന്നപ്പോൾ ഇന്ത്യയെ ചൈനക്കെതിരെ കരുവാക്കാൻ നോക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല എന്നത് ചരിത്രം തെളിയിച്ച കാര്യമാണത്. മേഖലതല കെണിയിൽ ചെന്നുപെടാതിരിക്കാൻ ഇന്ത്യ നോക്കണം. ചൈനയുടെ വളർച്ചയെക്കുറിച്ച് ഉത്കണ്ഠക്കപ്പുറം, സുസ്ഥിരമായൊരു ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. സുരക്ഷക്കും വികസനത്തിനും പറ്റിയ നിലപാട് അതായിരിക്കുമെന്നും ചൈനീസ് പത്രം പറയുന്നു

നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി ആദ്യ കൂടിക്കാഴ്ച നടത്തിയ സന്ദർഭത്തിലാണ് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള”’ഗ്ലോബൽ ടൈംസ്’ പത്രം ഇത്തരമൊരു ലേഖനം പ്രസിദ്ധപ്പെടുത്തിയത്. ദക്ഷിണ ചൈനകടലിൽ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി മോദിയും ട്രംപും സംയുക്തപ്രസ്താവന നടത്തിയിരുന്നു.

ചൈന വളരുന്നതിനെക്കുറിച്ച് ഇന്ത്യയും അമേരിക്കയും ഉത്കണ്ഠപ്പെടുന്നതായി പത്രം കുറ്റപ്പെടുത്തി. ചൈനക്കുമേൽ മേഖലതലത്തിൽ സമ്മർദം മുറുക്കാൻ ഇന്ത്യയെ കൂട്ടുപിടിക്കുകയാണ് അമേരിക്ക. എന്നാൽ ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പോലെ സഖ്യകക്ഷിയല്ല അമേരിക്കക്ക് ഇന്ത്യ. ചൈനയെ പിടിച്ചുകെട്ടാനുള്ള അമേരിക്കൻ തന്ത്രത്തിൽ പങ്കാളിയാകുന്നത് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് നിരക്കുന്നതാവില്ല.