ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്.അതിര്‍ത്തി ലംഘിച്ച ചൈനീസ് സൈന്യം ഇന്ത്യയുടെ രണ്ടു ബങ്കറുകളാണ് തകര്‍ത്തത്.
നേരത്തെ മാനസസരോവര്‍ തീര്‍ഥാടനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തെ ചൈന തടഞ്ഞതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ലാല്‍ട്ടനിലും ഡോക്ലായിലുമാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയ ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ഏറെ വിയര്ക്കേണ്ടിവന്നെന്നു പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.
യഥാര്‍ഥ നിയന്ത്രണരേഖയില്‍ മനുഷ്യമതില്‍ തീര്‍ത്താണ് ചൈനയുടെ കടന്നുകയറ്റം തടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 20 നാണ് രണ്ടു രാജ്യങ്ങളിലേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. എന്നിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
2008 നവംബറിലും ചൈന ഇതേസ്ഥലത്ത് ഇന്ത്യയുടെ താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തിരുന്നു.
സിക്കിം അതിര്‍ത്തി കടന്ന് കൈലാസ് – മാനസസരോവര്‍ തീര്‍ഥാടകര്‍ യാത്ര ചെയ്യുന്നത് ചൈന നേരത്തെ വിലക്കിയിരുന്നു.
സിക്കിമിലെ നാഥുല പാസ് വഴി പോകാന്‍ അനുവദിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപേക്ഷ പിന്നീട് ചൈന അംഗീകരിച്ചിരുന്നു. കൈലാസതത്തിലേക്കുള്ള ഏറ്റവും പ്രയാസം കുറഞ്ഞ വഴിയാണ് ഇത്.
ചൈനയുടെ ഭാഗത്തുനിന്നു തീര്‍ഥാടകര്‍ക്കു ബുദ്ധിമുട്ട് ഉണ്ടായതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു. ചൈനയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.