ട്രംപ് ഇന്ത്യ സന്ദർശിക്കും; ഇന്ത്യയുമായി 200കോടി ഡോളറിന്‍റെ ഡ്രോൺ ഇടപാട്

0
78

വാഷിങ്ടണ്‍: ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, തീയതിയും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ അമേരിക്ക നേടിയെടുത്തത് 200കോടിയുടെ ഡ്രോൺ ഇടപാട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സംവിധാനങ്ങളിലുള്ള സഹകരണം ആഴത്തിലുള്ളതാക്കുമെന്ന വാഗ്ദാനം നടപ്പിൽ വരുത്തുന്നതിന്‍റെ ഭാഗമായാണ് 200കോടി ഡോളറിന്‍റെ ഡ്രോൺ ഇടപാടിൽ മോദി ഒപ്പുവെച്ചത്. കരാർ പ്രകാരം 22 പൈലറ്റില്ലാ പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യക്ക് നൽകുക.

അത്യാന്താധുനിക പ്രതിരോധ സാങ്കേതിക വിദ്യയും ഉപകരണങ്ങളും അമേരിക്കയുടെ പങ്കാളികളുമായും സഖ്യരാജ്യങ്ങളുമായും പങ്കുവെക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന് വൈറ്റ്ഹൗസിൽ നടന്ന ഉച്ചകോടിക്കുശേഷം യു.എസും ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഇതുവരെ ഏഴ് യുഎസ് പ്രസിഡന്റുമാരാണ് ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. 1959ൽ ഇന്ത്യ സന്ദർശിക്കാനെത്തിയ ഐസൻഹോവറാണ് സ്വതന്ത്ര ഇന്ത്യ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്റ്. രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റു എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഐസൻഹോവറിനു പിന്നാലെ റിച്ചാർഡ് നിക്സൺ (1969), ജിമ്മി കാർട്ടർ (1978), ബിൽ ക്ലിന്റൻ (2000), ജോർജ് ഡബ്ല്യൂ.ബുഷ് (2006), ബറാക് ഒബാമ (2010, 2015) എന്നിവരും ഇന്ത്യയിലെത്തി.