ഡി.ജി.പിക്കുള്ള വിടവാങ്ങല്‍ പരേഡിന് ഒരുക്കം തുടങ്ങി; സെന്‍കുമാര്‍ ഇതുവരെ സമ്മതം മൂളിയില്ല

0
109

വി.എസ്.പ്രമോദ്‌

ഈ മാസം 30ന് വിരമിക്കുന്ന ഡി.ജി.പി. ടി.പി. സെന്‍കുമാറിനുള്ള വിടവാങ്ങല്‍ പരേഡിന് പോലീസില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിടവാങ്ങല്‍ പരേഡ് പോലും നല്‍കാതെ സെന്‍കുമാറിനെ പറഞ്ഞുവിടാനാണ് സര്‍ക്കാരും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സെന്‍കുമാറിന് വിടവാങ്ങല്‍ പരേഡ് നല്‍കുന്നതിന് രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് പോലീസ് ക്യാമ്പില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിടവാങ്ങല്‍ പരേഡ് നല്‍കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ഇക്കാര്യത്തില്‍ ഡി.ജി.പി. ഇതുവരെ മനസുതുറന്നിട്ടില്ല. വിടവാങ്ങല്‍ പരേഡിന് എതിരായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ പരേഡ് സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സെന്‍കുമാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അദ്ദേഹം ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എങ്കിലും അവസാന നിമിഷം തയാറെടുപ്പുകള്‍ നടത്തുന്നതിനെക്കാള്‍ നല്ലത് ഒരുങ്ങിയിരിക്കുകയാണെന്നതിനാലാണ് പരേഡിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഡി.ജി.പി. വേണ്ടെന്നുവച്ചാല്‍ ഒഴിവാക്കുന്നതിനും പ്രയാസമില്ല. മറിച്ച് പരേഡ് സ്വീകരിക്കാന്‍ അദ്ദേഹം തയാറായാല്‍ പരേഡ് നല്‍കുകയുമാവാമെന്ന നിലപാടാണ് പോലീസിന്റെ തലപ്പത്തുള്ളത്.

എട്ട് ബറ്റാലിയനുകള്‍ ഉള്‍പ്പെടെ 300 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം മുതല്‍ വിടവാങ്ങല്‍ പരേഡിനുള്ള പരീശീലനം ആരംഭിച്ചത്. മഴ കാരണം പരിശീലനം ഇടയ്ക്കിടെ മുടങ്ങുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൃത്യമായി മുന്നോട്ടുപോകുന്നുണ്ട്. പോലീസ് മേധാവി വിരമിക്കുമ്പോള്‍ വിടവാങ്ങല്‍ പരേഡ് നടത്തുകയെന്നത് സേനയിലെ കീഴ്‌വഴക്കമാണ്. അത് ഒഴിവാക്കാന്‍ പോലീസ് മന്ത്രിക്കും കഴിയില്ലെന്നിരിക്കേയാണ് ഇപ്പോഴത്തെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.