ദിലീപിനെ തള്ളി ലാല്‍; നടിക്ക് പള്‍സര്‍ സുനിയുമായി ദീര്‍ഘകാല ബന്ധമില്ല

0
78

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ വാദം തള്ളി സംവിധായകന്‍ ലാല്‍. പള്‍സര്‍ സുനിക്ക് നടിയുമായി ദീര്‍ഘകാലത്തെ പരിചയമില്ലെന്നും ഗോവയിലെ ഷൂട്ടിംഗിനിടെയില്‍ ഒരു ദിവസത്തെ പരിചയം മാത്രമാണുള്ളതെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡ്രൈവറെന്ന നിലയില്‍ സുനിയെ നടിക്ക് പരിചയമുണ്ടെന്നാണ് പറഞ്ഞത്. അല്ലാതെ അടുപ്പമുണ്ടെന്ന് അല്ല. എന്റെ വാക്കുകള്‍ ദിലീപ് തെറ്റിദ്ധരിച്ചതാവും. നടിയും സുനിയും അടുപ്പക്കാരാണെന്ന് പറയേണ്ട കാര്യമൊന്നുമില്ല’ ലാല്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ല. അക്കാര്യം മനസിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ നിരവധിയാണെന്നും ലാല്‍ പറഞ്ഞു. നടിയെ പരാമര്‍ശിച്ച് സലിംകുമാര്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് മോശമായിപ്പോയെന്നും ഇക്കാര്യം സലിംകുമാറിനെ നേരിട്ട് വിളിച്ചറിയിച്ചെന്നും ലാല്‍ വ്യക്തമാക്കി.

നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്നും അക്കാര്യം ലാലിന് അറിയാമെന്നും കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞിരുന്നു.